നൂറുല്‍ ഫാത്തിമക്ക് വീടൊരുക്കാന്‍ എം.എ യൂസുഫലിയുടെ സഹായഹസ്തം

വെമ്പായം (തിരുവനന്തപുരം): മഴയത്തും കാറ്റത്തും പുസ്തകക്കെട്ടുകളുമായി അയല്‍വീടുകളിലേക്ക് ഓടുന്ന എട്ടാം ക്ളാസുകാരി നൂറുല്‍ ഫാത്തിമയുടെയും കുടുംബത്തിന്‍െറയും വീടെന്ന സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് നൂറുല്‍ ഫാത്തിമക്ക് വീടുവെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 800 ചതുരശ്ര അടിയില്‍ 13 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കും. ടാര്‍പോളിന്‍ ഷീറ്റിന്‍െറയും മറച്ചുകെട്ടിയ സാരിത്തുണിയുടെയും മറവില്‍ താമസിക്കുന്ന നെടുവേലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി കൊഞ്ചിറ നാലുമുക്കില്‍ വടക്കോട്ടുകോണം എസ്.എസ് മന്‍സിലില്‍ ഷെഫീഖ്-സീന ദമ്പതികളുടെ മകള്‍ നൂറുല്‍ ഫാത്തിമയുടെ ദുരിതകഥ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്കൂള്‍ അധികൃതര്‍ മുന്‍കൈയെടുത്ത് ഫെഡറല്‍ ബാങ്കിന്‍െറ വെമ്പായം ശാഖയില്‍ ആരംഭിച്ച 19370100035233 അക്കൗണ്ട് നമ്പറിലേക്ക് (ഐ.എഫ്.എസ്.സി കോഡ് FDRL 0001937) ഒട്ടേറെപ്പേരുടെ സഹായമത്തെി. ഇതിനിടെയാണ് ‘മാധ്യമം’ വാര്‍ത്ത എം.എ. യൂസുഫലിയുടെ ശ്രദ്ധയില്‍പെടുന്നത്. ഷെഫീഖിന് ഗള്‍ഫില്‍  ജോലിക്കിടയില്‍ പരിക്കേറ്റ് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. മടങ്ങിയ ഷെഫീഖ് ഇപ്പോഴും ചികിത്സ തുടരുകയാണ്. സീനയുടെ ചുമലിലാണ് ഈ കുടുംബത്തിന്‍െറ ഭാരമെല്ലാം. തൊഴിലുറപ്പിലൂടെയും മറ്റ് വീടുകളില്‍ പണിയെടുത്തും കിട്ടുന്ന തുച്ഛ വരുമാനം മാത്രമാണ് ഈ വീടിന്‍െറ ആശ്രയം. ഈ വരുമാനം കൊണ്ട് മക്കളെ പഠിപ്പിക്കാനും ഭര്‍ത്താവിന്‍െറ ചികിത്സക്കും തികയാത്ത അവസ്ഥയാണ്.

മഴപെയ്താല്‍ വെള്ളം അകത്തുകൂടി ഒഴുകുന്ന അവസ്ഥയിലാണ് ഷീറ്റില്‍ കെട്ടിയുണ്ടാക്കിയ വീട്. വട്ടിയൂര്‍ക്കാവിലെ അനാഥാലയത്തില്‍ പഠിക്കുന്ന ആറാം ക്ളാസുകാരനായ മുഹമ്മദ് തൗഫീഖ് ആണ് ഫാത്തിമയുടെ സഹോദരന്‍. ബാങ്ക് അക്കൗണ്ടില്‍ വന്ന തുക നൂറുല്‍ ഫാത്തിമയുടെയും സഹോദരന്‍െറയും വിദ്യാഭ്യാസത്തിന് നീക്കിവെക്കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.

ആ 16 കി.മീറ്ററില്‍ ഇനി സതീശന്‍ തനിച്ചല്ല

 

കൊച്ചി: സ്കൂളിലേക്കും തിരികെ വീട്ടിലേക്കുമുള്ള 16 കി.മീറ്ററില്‍ ഇനി സതീശന്‍ തനിച്ചല്ല. അതിജീവനത്തിന്‍െറ പാഠങ്ങളില്‍ ഇനി സ്നേഹത്തിന്‍െറ കൈത്താങ്ങും തുണയും സതീശനൊപ്പമുണ്ടാകും.
കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് മാലോത്ത് കസബ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ചലനശേഷി കുറഞ്ഞ വലതുകാലുമായി ദാരിദ്ര്യത്തിന്‍െറ കെടുതികള്‍ക്കിടയിലും പഠനത്തോടുള്ള ആവേശത്തില്‍ 16 കി.മീറ്റര്‍ താണ്ടി സ്കൂളിലേക്ക് എന്നും പോയിവരുന്നത് കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വൈദ്യുതിപോലുമില്ലാത്ത കൂരയില്‍നിന്ന് പഠിച്ച് വലുതാകണമെന്ന ആഗ്രഹവുമായി സ്കൂളിലേക്ക് നടക്കുന്ന സതീശനെക്കുറിച്ച വാര്‍ത്ത വായിച്ച  പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ. യൂസുഫലിയാണ് സതീശന്‍െറയും കുടുംബത്തിന്‍െറയും സഹായത്തിനത്തെിയിരിക്കുന്നത്.
ജീപ്പിനു കൊടുക്കാന്‍പോലും പണമില്ലാത്തതിനാല്‍ സഹോദരങ്ങളായ സജിതക്കും സന്ദീപിനുമൊപ്പം ഇത്രയും ദൂരം ദിവസവും നടന്നുപോകുന്ന സതീശനെക്കുറിച്ച് അന്വേഷിക്കാന്‍ ലുലു ഗ്രൂപ്പിന്‍െറ കേരളത്തിലെ ഉദ്യോഗസ്ഥരോട് യൂസുഫലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, അഞ്ചു ലക്ഷം രൂപ സതീശന്‍െറ കുടുംബത്തിനായി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
നമ്പ്യാര്‍മല കോളനിയിലെ കൂലിത്തൊഴിലാളിയായ ശാന്തയുടെ മകനാണ് സതീശന്‍. സ്വന്തമായി റേഷന്‍കാര്‍ഡുപോലുമില്ലാത്ത ശാന്ത, കൊടും ദാരിദ്ര്യത്തിന്‍െറ നടുവിലും മക്കളെ സ്കൂളിലേക്കയക്കുന്നു. പഠിച്ച് മിടുക്കന്മാരായി അമ്മക്ക് തുണയാകണമെന്നാഗ്രഹിച്ച് ഈ മക്കള്‍ സ്കൂളിലേക്ക് നടക്കുകയാണ്.
അടുത്തദിവസം തന്നെ പ്രതിനിധികള്‍ സതീശന്‍െറ വീട്ടിലത്തെി തുക കൈമാറുമെന്ന് ലുലു ഗ്രൂപ് ‘മാധ്യമ’ത്തെ അറിയിച്ചു.

Tags:    
News Summary - help and support- lulu group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.