മഞ്ചേരി: വിടപറഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി ഓട്ടോ തൊഴിലാളികൾ. കാരക്കുന്ന് പഴേടം പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകൻ ഷഫീഖിന്റെ (40) കുടുംബത്തിനാണ് തൊഴിലാളികൾ കാരുണ്യഹസ്തം നീട്ടിയത്. കഴിഞ്ഞ മാർച്ച് 11ന് മഞ്ചേരിയിലെ ഓട്ടോ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ സർവിസിലൂടെ സമാഹരിച്ച 9,08,254 രൂപ കുടുംബത്തിന് കൈമാറി. 200ലധികം ഓട്ടോകളാണ് സർവിസ് നടത്തിയത്. മഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായിരുന്നു ഷഫീഖ്. കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞായിരുന്നു ദാരുണാന്ത്യം. കഴിഞ്ഞ അഞ്ചിന് രാത്രി ഷാപ്പിൻകുന്ന് ആലുങ്ങലിൽ വെച്ചായിരുന്നു അപകടം.
പത്തിരിയാലിലെ ബന്ധുവീട്ടിലേക്ക് ഓട്ടോയുമായി പോകുന്നതിനിടെ വണ്ടൂർ റോഡിൽ പന്നി റോഡിനു കുറുകെ പോയപ്പോൾ ഓട്ടോ വെട്ടിച്ചതോടെ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഷഫീഖിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് പെൺകുട്ടികളും അടങ്ങുന്നതാണ് ഷഫീഖിന്റെ കുടുംബം.
പഴേടം ജുമാ മസ്ജിദ് സെക്രട്ടറി ലത്തീഫിന് നൗഷാദ് ആലങ്ങാടൻ തുക കൈമാറി. സുധീർ അലി, നസ്റുദ്ദീൻ, മുഹമ്മദ് പത്തിരിയാൽ, അസ്ലം, നിഷാന്ത്, അൻസാർ, റംഷാദ്, സമദ്, മുഹമ്മദ് പട്ടർകുളം, അബ്ദുല്ല, കുഞ്ഞാപ്പു, മുഹമ്മദ് കാരക്കുന്ന് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.