ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണം; ഹൈകോടതിയിൽ ഹരജി

കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവ‍‍ശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അഭിഭാഷകയായ ടി.ബി. മിനിയാണ് ഹരജി സമർപ്പിച്ചത്.

ഹേമ കമ്മിറ്റി ഉയർത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം രൂപീകരിക്കാൻ ഉത്തരവിടണമെന്നും സിനിമ സെറ്റുകളിൽ സ്വതന്ത്ര ആഭ്യന്തര പരാതി കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹരജിയിൽ പറയുന്നു. സിനിമാ സെറ്റുകളിൽ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ഉപയോഗം തടയുക, സിനിമാ കലാകാരന്മാർക്കായി ശരിയായ കരാറുകൾ നിലവിലുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ആവശ്യപ്പെടുന്നുണ്ട്.

സിനിമാ സെറ്റുകളിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാറിൻ്റെ നിഷ്‌ക്രിയത്വത്തെയും ഹരജിയിൽ വിമർശിച്ചു. സർക്കാർ നടപടികളുടെ അഭാവം തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ ചൂഷണത്തിനും മൗലികാവകാശങ്ങളുടെ ലംഘനത്തിനും വിധേയരാക്കിയെന്നും ഹരജിയിൽ പറയുന്നു.

ഐ.സി.സികൾ സിനിമാ സെറ്റുകളിൽ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചലച്ചിത്ര നിർമാതാക്കളോട് കേരള ഹൈകോടതി നേരത്തെയുള്ള വിധിയിൽ ആവശ്യപ്പെട്ടിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഇടക്കാല ആശ്വാസമെന്ന നിലയിൽ, എല്ലാ സിനിമാ സെറ്റുകളിലും ആഭ്യന്തര പരാതി കമ്മിറ്റികൾ രൂപീകരിക്കാനും അവയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഒരു നിയമാനുസൃത ബോഡി രൂപീകരിക്കുന്നത് ഉറപ്പാക്കാനും കേരള ഫിലിം ചേംബറിന് നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Hema Committee recommendations should be implemented; Petition in the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.