കൊച്ചി: എന്തിനായിരുന്നു, ആർക്കു വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനം? ഇപ്പോൾ ഈ കടുംപിടിത്തം എവിടെപ്പോയി? സംസ്ഥാന വിവരാവകാശ കമീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പലരുടെയും ചോദ്യമാണിത്.
സിനിമമേഖലയിൽ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പുള്ള റിപ്പോർട്ട് ഇത്രയുംകാലം പുറത്തുവിടാതിരുന്നതു തന്നെ ഇതിന്റെ ഉള്ളടക്കം പുറത്തുവന്നാലുള്ള പരിണിതഫലങ്ങൾ ഓർത്താണ്. 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് അതേ വർഷം ജൂലൈ ഒന്നിന് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി സർക്കാർ ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.
രണ്ടുവർഷത്തെ പഠനത്തിനുശേഷം 2019 ഡിസംബർ 31നാണ് റിപ്പോർട്ട് പൂർത്തിയാക്കി കമ്മിറ്റി അധ്യക്ഷയും ഹൈകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഹേമ ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
അന്നുമുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമയിലെ സ്ത്രീപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇപ്പോൾ, റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ച് നാലരവർഷം പിന്നിടുമ്പോൾ, അതും വിവരാവകാശ കമീഷന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് സ്ഫോടനാത്മകമായ റിപ്പോർട്ട് പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് തയാറാവുന്നത്.
സിനിമ മേഖലയിലെ പല പ്രമുഖരെക്കുറിച്ചുമുള്ള പരാതികളും ആരോപണങ്ങളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ടെന്നാണ് സൂചന. ഇതുകൂടാതെ, ജൂനിയർ ആർട്ടിസ്റ്റുമാരുൾപ്പെടെ നേരിട്ട വിവേചനങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഇതെല്ലാം പുറത്തുവന്നാൽ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് ഭയന്നാണ് ഇതുവരെയും റിപ്പോർട്ട് രഹസ്യമാക്കിവെച്ചതെന്നും ആക്ഷേപമുണ്ട്. ഇത്രകാലം ഒളിപ്പിച്ചുവെച്ച റിപ്പോർട്ട് പുറത്തുവരുമ്പോൾ എന്തെല്ലാം രഹസ്യങ്ങളായിരിക്കും പരസ്യമാവുകയെന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് സിനിമലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.