‘സിനിമയിൽ പല സ്ത്രീകളും നേരിട്ടത് ഞെട്ടിക്കുന്ന അനുഭവങ്ങൾ, ബന്ധുക്കളോടു​പോലും വെളിപ്പെടുത്താൻ കഴിഞ്ഞില്ല’

തിരുവനന്തപുരം: സിനിമയിൽ പല സ്ത്രീകളും കടന്നു പോയ അനുഭവങ്ങൾ ഞെട്ടിക്കുന്നതും ഗൗരവമുള്ളതുമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. അടുത്ത ബന്ധുക്കളോടു​പോലും വെളിപ്പെടുത്താൻ കഴിയാത്ത രീതിയിൽ ആഴത്തിലുള്ള പീഡനങ്ങളാണ് പലർക്കും ഏൽക്കേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അത്തരം അനുഭവങ്ങളുടെ വെളിപ്പെടുത്തൽ സിനിമ മേഖലയിൽ അവർക്ക് പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതിനാൽ രഹസ്യമായാണ് നടപടികൾനടന്നത്. സിനിമയിലെ നിരവധി പ്രമുഖ വ്യക്തികൾക്ക് പോലും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വിധത്തിലും ഇവരുടെ പേരുകൾ വെളിപ്പെടുത്താതെയുള്ള നടപടി ക്രമങ്ങളാണ് ഹേമ കമ്മിറ്റി സ്വീകരിച്ചത്. പല തീയതികളിലായി തങ്ങൾക്ക് വിവരങ്ങൾ നൽകാനെത്തിയ സിനിമ താരങ്ങളുടെ വിവരങ്ങളൊന്നും പുറത്തു വിട്ടുന്നിരുന്നില്ല.

കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകൾ പ്രധാന രേഖകളിൽ നിന്ന് മറച്ചിട്ടില്ല. എന്നാൽ, നേരത്തേ തയാറാക്കിയ ചോദ്യാവലിയോട് ​പ്രതികരിച്ച സ്ത്രീകളുടെ പേരുകളും മറ്റ് വിവരങ്ങളും ഹേമ കമ്മിറ്റി ഒഴിവാക്കിയിരുന്നു. ഇവരുടെ സ്വകാര്യതയും ക്ഷേമവും പരിഗണിക്കുന്നതിനൊപ്പം സിനിമ മേഖലയെ സംരക്ഷിക്കുന്നതിനുമാണ് ഇത് ചെയ്തത്. ആരുടെയും പേര് വെളിപ്പെടുത്തുകയോ അപമാനിക്കുകയോ കുറ്റവാളികളെ തുറന്നുകാട്ടുകയോ ചെയ്യാൻ കമ്മിറ്റി ലക്ഷ്യമിട്ടിരുന്നില്ല. സിനിമയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ ലക്ഷ്യം. കമ്മിറ്റിയുമായി പങ്കിടുന്ന വിവരങ്ങളുടെ സ്വകാര്യത നിലനിർത്തുന്നതിന് നടപടികളുടെ വിശദാംശങ്ങളും ഏതെല്ലാം വ്യക്തികൾ, എന്തെല്ലാം പ്രസ്താവനകൾ നടത്തിയെന്നുമുള്ള കാര്യങ്ങൾ കമ്മിറ്റി മാധ്യമങ്ങളുമായി വെളിപ്പെടുത്തിയില്ല.

വിവരങ്ങൾ ശേഖരിക്കാൻ നർത്തകരുടെ ട്രേഡ് യൂനിയനിൽനിന്ന് അവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചർച്ച ആരംഭിക്കുന്നതിന് വാട്ട്‌സാപ് ഗ്രൂപ് രൂപവത്കരിക്കുകയും ചെയ്തു. നർത്തകരുമായി കൂടിക്കാഴ്ച നടത്താനും അവർ നേരിടുന്ന വിവിധ വിഷയങ്ങളിൽ ചർച്ച നടത്താനും ഉദ്ദേശിക്കുന്നതായി ഹേമ കമ്മിറ്റി അറിയിക്കുകയും ചെയ്തു. എന്നാൽ, സന്ദേശത്തോട് പ്രതികരിക്കുന്നതിന് പകരം പലരും വാട്സാപ് ഗ്രൂപ് വിടാൻ തുടങ്ങി എന്നത് ഞെട്ടിക്കുന്നതായിരുന്നു.

കമ്മറ്റിക്ക് മുമ്പാകെ സിനിമയിലെ ആർക്കെതിരെയും ഒന്നും പറയരുതെന്ന് നർത്തകരോട് നിർദ്ദേശിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നിട്ടും, യോഗങ്ങളിൽ നർത്തകരെ എത്തിക്കാനുള്ള ഹേമ കമ്മിറ്റിയുടെ ശ്രമങ്ങൾ തുടർന്നു. ഒടുവിൽ, രണ്ട് നർത്തകർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായെങ്കിലും സിനിമയിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നായിരുന്നു​ അവരുടെ പ്രതികരണം.

Tags:    
News Summary - Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.