തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം അപേക്ഷകരെക്കൊണ്ട് പണം അടപ്പിച്ചശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അഞ്ച് പേജുകൾ ഒഴിവാക്കിയ സംഭവത്തിൽ ന്യായീകരണവുമായി സാംസ്കാരിക വകുപ്പ്. ഒഴിവാക്കിയ പേജുകള്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും നൽകാൻ കഴിയില്ലെന്നും അപ്പീൽ അധികാരിയായ സാംസ്കാരിക വകുപ്പ് ജോയന്റ് സെക്രട്ടറി അറിയിച്ചു. ഇതോടെ സംസ്ഥാന വിവരാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് അപേക്ഷകർ.
ജൂലൈ അഞ്ചിനാണ് കമ്മിറ്റികൾക്ക് മുമ്പാകെ മൊഴിനൽകിയവരുടെയും ആരോപണവിധേയരുടെയും വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിലെ ഏതാനും ഭാഗങ്ങൾ ഒഴിവാക്കാനും കമീഷൻ നിർദേശം നൽകി. കൂടാതെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അത് ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് അധികാരമുണ്ടെന്നും അത് ഏതെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കണമെന്നും വിവരാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 137 ഖണ്ഡികകളാണ് സ്വകാര്യതയെ ബാധിക്കുന്നതെന്ന് കണ്ടെത്തി എസ്.പി.ഐ.ഒ സുഭാഷിണി തങ്കച്ചി ഒഴിവാക്കിയത്. ഇക്കാര്യം പട്ടിക തിരിച്ച് അപേക്ഷകർക്ക് നൽകി. ഇതിന് ശേഷമുള്ള 233 പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ പേജ് ഒന്നിന് മൂന്നു രൂപ നിരക്കിൽ ട്രഷറിയിൽ അടച്ചു. എന്നാൽ, ആഗസ്റ്റ് 19ന് സർക്കാർ കൈമാറിയതാകട്ടെ 228 പേജുകൾ മാത്രം.
ഒഴിവാക്കൽ പട്ടികയിൽ ഇല്ലാതിരുന്ന 49 മുതൽ 53 പേജുകളിലെ വിവരങ്ങളാണ് പിന്നെയും മൂടിവെച്ചത്. അപേക്ഷകരെക്കൊണ്ട് പണം അടപ്പിച്ച ശേഷം പേജുകൾ നിഷേധിച്ചത് വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്നതാണെന്നും കമീഷന് ബോധ്യപ്പെടാത്ത ‘സ്വകാര്യവിവരങ്ങൾ’ സർക്കാർ മൂടിവെച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അപേക്ഷകരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.