'എന്തിനാണ് ചർച്ചയാക്കുന്നത്?'; ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നത് ജോലിയില്ലാത്തവരെന്ന് കമ്മിറ്റിയംഗം ശാരദ

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിൽ തനിക്ക് ഒരു താൽപര്യവും ഇല്ലെന്നും ഒരു ജോലിയുമില്ലാത്തവരാണ് റിപ്പോർട്ട് ചർച്ചയാക്കുന്നതെന്നും നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവർക്ക് ഒരു ജോലി ആവും. താൻ സിനിമ വിട്ടിട്ട് 15 വർഷമായി. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയില്ല. ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് വയനാട് ദുരന്തത്തിലാണെന്നും ശാരദ പറഞ്ഞു.

അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓർമയില്ല. എനിക്ക് 79 വയസ്സായി. ഓർമശക്തി കുറവാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ -അവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചോ നടിമാരുടെ വെളിപ്പെടുത്തലുകളെ കുറിച്ചോ കൂടുതൽ പ്രതികരിക്കാൻ ശാരദ തയാറായില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശാരദയുടെ നിരീക്ഷണങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് നേരെത്ത തന്നെ വിമർശനമുയർന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കും ശാരദ മറുപടി നൽകിയില്ല.

കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണ് മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് തയാറാക്കിയത്. നടി ശാരദയെ കൂടാതെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരിയായിരുന്നു മറ്റൊരു അംഗം. 2017ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി 2019ൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിനിമ മേഖലയിൽ കടുത്ത ലൈംഗിക ചൂഷണം നിലനിൽക്കുന്നുവെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ വലിയ ചർച്ചയായിരിക്കുകയാണ്. 

Tags:    
News Summary - Hema committee report is being discussed by those who dont have any other job Sharada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.