"ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത 'കള്ളൻ' ചിരിക്കണ ചിരി കണ്ടാ.."; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഒളിയമ്പുമായി ഷമ്മി തിലകൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒളിയമ്പുമായി നടൻ ഷമ്മി തിലകൻ. "ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത 'കള്ളൻ' ചിരിക്കണ ചിരി കണ്ടാ.." എന്ന അടിക്കുറിപ്പോടെ നടൻ തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മകൻ ഷമ്മി തിലകൻ പ്രതികരിച്ചത്. 

Full View

മലയാള സിനിമയിൽ താര കോക്കസുകൾക്കെതിരെ ആദ്യം കലാപക്കൊടി ഉയർത്തിയാളാണ് അന്തരിച്ച നടൻ തിലകൻ. താര സംഘടനയെയും അതിന്റെ നേതൃനിരയിലിരുന്ന സൂപ്പർതാരങ്ങളെയും നിശിതമായി വിമർശിച്ചതിന്റെ പേരിൽ മഹാനടനെ ദീർഘകാലം സിനിമയിൽ നിന്ന് തന്നെ മാറ്റിനിർത്തിയിരുന്നു.

വെള്ളിത്തിരയിലെ മാഫിയ സംഘങ്ങളെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എടുത്തുപറയുമ്പോൾ ഷമ്മിയുടെ പോസ്റ്റ് പിതാവിന്റെ പോരാട്ട വഴികളെയാണ് ഓർമിപ്പിക്കുന്നത്. 

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതിനു​ പിന്നാലെ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയനും രംഗത്തെത്തി. ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ വിനയൻ കുറിപ്പ്‌ പങ്കുവെച്ചത്‌. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ 12 വർഷം വിലക്ക്‌ വാങ്ങിയ സംവിധായകനാണ്‌ വിനയൻ.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽവന്ന സാഹചര്യത്തിൽ മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനഃസാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ… നിങ്ങളുടെ മുഖം വികൃതമല്ലേ…? സിനിമാരംഗത്തേക്ക്​ കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാതെ സംരക്ഷിക്കേണ്ടതിന്റെ കടമ സംഘടനകൾക്കാണ്. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷപോലെ ഗൗരവതരമാണ് തൊഴിൽ വിലക്കിന്റെ മാഫിയാവത്​കരണവും. വിമർശിച്ചതിന്റെ പേരിൽ 12​ വർഷത്തോളം എന്നെ വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.

എന്നെ അനുകൂലിച്ചെന്ന്​ പറഞ്ഞ്‌ തിലകനെയും നിങ്ങൾ വിലക്കി. ഏതു പ്രമുഖന്റെയും മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറയാൻ ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യംകൊടുക്കുന്ന സംഘടനയെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്ക്​ നിൽക്കുന്ന സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെനിന്നല്ലേ ഈ തെമ്മാടിത്തങ്ങളുടെയും സിനിമ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം തുടങ്ങിയത്?’ -ഇങ്ങനെ തുടരുന്നു വിനയൻ കുറിപ്പ്​. 


Tags:    
News Summary - Hema Committee Report - Shammi Thilakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.