കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ സംസ്ഥാന വനിത കമീഷൻ കക്ഷി ചേരും. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയിൽ കക്ഷി ചേരാനുള്ള അപേക്ഷ കമീഷൻ ഹൈകോടതിയിൽ സമർപ്പിച്ചു. അതേസമയം, ഹരജിയിൽ ബുധനാഴ്ച വാദം തുടരുന്ന സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തു വിടുന്നതിനുള്ള സ്റ്റേയും ജസ്റ്റിസ് വി.ജി. അരുൺ നീട്ടി.
വിവരാവകാശ കമീഷൻ ഉത്തരവ് പ്രകാരം, റിപ്പോർട്ട് പുറത്തുവിടുന്നതിനെ ഹരജിക്കാരനായ നിർമാതാവ് സജിമോൻ പാറയിൽ ശക്തമായി എതിർത്തു. എന്നാൽ, ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവർത്തകർക്ക് റിപ്പോർട്ടിലെ വിവരങ്ങൾ തേടാൻ അവകാശമില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന വ്യവസ്ഥ വിവരാവകാശ നിയമത്തിൽ തന്നെയുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
വിഴുപ്പലക്കലാണ് വിവരാവകാശ അപേക്ഷകരുടെ ലക്ഷ്യം. ഹേമ കമ്മിറ്റി ശിപാർശകളിൽ സർക്കാർ പല ക്ഷേമനടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ നൽകുന്നില്ലെന്നും ഹരജിക്കാരൻ കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഹരജിയിലെ എതിർകക്ഷിയായ മാധ്യമ പ്രവർത്തകൻ അജിത്കുമാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.