അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നടന്ന 96 കോടി രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളായിരുന്ന രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാലടി സ്വദേശി ടി.പി. ജോർജ്, മഞ്ഞപ്ര സ്വദേശി സെബാസ്റ്റ്യൻ മാടൻ എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റോയി വർഗീസ് അറസ്റ്റ് ചെയ്തത്. മറ്റ് ഭരണസമിതി അംഗങ്ങളുടെയും അറസ്റ്റ് ഉടനുണ്ടാകും. വ്യാജ പ്രമാണങ്ങൾ ഈട് നൽകിയും വ്യാജരേഖകൾ ചമച്ചും തെറ്റിദ്ധരിപ്പിച്ചും കോടികൾ തരപ്പെടുത്തിയശേഷം ഇതുവരെ ഒന്നും തിരിച്ചടക്കാത്തവരും അറസ്റ്റിലാകും.
അറസ്റ്റിലായ ജോർജ്, സെബാസ്റ്റ്യൻ മാടൻ എന്നിവരെ സഹകരണ സംഘം ജില്ല ജോ. രജിസ്ട്രാർ സഹകരണ സംഘം ചട്ടം 44 (1) (സി) പ്രകാരം അയോഗ്യരാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അയോഗ്യനാക്കപ്പെട്ട മറ്റൊരാൾ വൈശാഖ് എസ്. ദർശനാണ്. ഇയാൾ ഒളിവിലാണ്. വായ്പയെടുത്ത് ദീർഘകാലം കഴിഞ്ഞിട്ടും തിരിച്ചടക്കാതെ കുടിശ്ശിക വരുത്തിയതിനാലാണ് മൂവർക്കും അയോഗ്യത കൽപിച്ചത്. ടി.പി. ജോർജിന് 2.5 കോടിയും വൈശാഖിന് 40 ലക്ഷവും എം.വി. സെബാസ്റ്റ്യന് 26.5 ലക്ഷവുമാണ് വായ്പ കുടിശ്ശിക. കഴിഞ്ഞ ഭരണസമിതി പിരിച്ചുവിട്ടും പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ചും സഹകരണ സംഘം ജില്ല ജോയന്റ് രജിസ്ട്രാർ ജനറൽ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിന്മേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലുപേരുടെ വരെ പേരിലും മരിച്ചയാളുടെ പേരിലും വായ്പ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് വരെ 120 കോടിയുടെ വായ്പയാണ് ബാക്കി നിൽക്കുന്നതെങ്കിലും 96 കോടിയുടെ വായ്പകളും വ്യാജമാണ്. ഒരുവിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33 കോടിയുടെ വായ്പകളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.