തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. റിപ്പോർട്ട് ഇന്ന് രാവിലെ 11ന് പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 299 പേജ് റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് രാവിലെ 11ഓടെ വിവരാവകാശ അപേക്ഷകർക്ക് സാംസ്കാരിക വകുപ്പ് കൈമാറും എന്നായിരുന്നു അറിയിപ്പ്.
റിപ്പോർട്ട് പുറത്തുവിടരുതെന്ന രഞ്ജിനിയുടെ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്നാൽ, റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതി പറഞ്ഞിട്ടില്ല. എങ്കിലും ഹരജി നിലനിൽക്കെ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
കൊച്ചിയിൽ 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ഹേമ, നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. നവംബർ 16ന് പ്രവർത്തനം ആരംഭിച്ച കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചു. 2017 മുതല്‍ 2020 വരെ കാലയളവില്‍ 1.06 കോടി രൂപയാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാർ ചെലവാക്കിയത്. 2017ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി 2019 ഡിസംബറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.