ഞായറാഴ്ച പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഇവയാണ്...

കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ സംസ്ഥാനത്ത് പാലിക്കേണ്ട മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും ഉത്തരവിൽ പറയുന്നു. കാറ്റഗറി തിരിച്ചുള്ള മാർഗ നിർദേശങ്ങളും ഉത്തരവിലുണ്ട്. ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ നിലവിൽ ഇല്ല.

മാർഗനിർദേശങ്ങൾ

  • ദീർഘദൂര ബസ്, ട്രെയിൻ, വ്യോമ സർവീസുകൾ അനുവദിക്കും.
  • വിനോദ സഞ്ചാര ആവശ്യത്തിനായി ഞായറാഴ്ച ദിവസത്തേക്ക് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് താമസരേഖകൾ ഉണ്ടെങ്കിൽ ഹോട്ടൽ/ റിസോർട്ട് എന്നിവിടങ്ങളിലേക്ക് കാറുകളിലും ടാക്സികളിലും യാത്ര അനുവദിക്കും.
  • വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ/സ്റ്റോപ്/സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ചരക്ക് വാഹനങ്ങൾ എന്നിവ സർവീസ് നടത്താൻ അനുവദിക്കും. കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രരേഖകളോ ടിക്കറ്റോ യാത്രക്കാരുടെ കൈവശമുണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ.
  • റെസ്റ്റോറന്‍റുകൾ, ബേക്കറികൾ എന്നിവക്ക് നേരിട്ടോ അല്ലെങ്കിൽ ഹോം ഡെലിവറി വഴിയോ സാധനങ്ങൾ വിൽക്കുന്നതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഒമ്പത് വരെ പ്രവർത്തിക്കാം.
  • ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കോവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ, കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല.
  • ബീച്ചുകൾ, തീം പാർക്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.
  • വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാർഗനിർദേശം പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യാനുസരണം സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കണം.
  • അത്യാവശ്യ അറ്റകുറ്റപണികൾക്കായി വർക്ക് ഷോപ്പുകൾ പ്രവർത്തിക്കാൻ അനുവദിക്കും.

കാറ്റഗറി തിരിച്ചുള്ള മാർഗനിർദേശങ്ങൾ

എ കാറ്റഗറി:

സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ബി. കാറ്റഗറി:

സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറി:

സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

മറ്റ് നിർദേശങ്ങൾ

  • സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്
  • മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയാകും. അവിടെ ഗുരുതര അവസ്ഥയിൽ എത്തുന്നവരെ മുതിർന്ന ഡോക്ടർമാർ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.
  • നേരത്തെ കോവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം
  • സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലൻസുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.
  • പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടവർക്ക് നൽകുന്ന ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കേണ്ടതില്ല
  • സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടക്കും.
  • കോവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റിൽ കോവിഡ് വാർ റും പ്രവർത്തിക്കും.
  • ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്‍റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണ്.
  • ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മരുന്നുകൾക്കും ടെസ്റ്റിങ് കിറ്റുകൾക്കും ദൗർലഭ്യം ഉണ്ടാവരുത്.
  • ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ്മാരെ നിയോഗിക്കാം. നിർമാണ പ്രവർത്തനങ്ങൾ സാമൂഹ്യ അകലം പാലിച്ച് നടത്താം


Tags:    
News Summary - Here are the Covid guidelines to follow on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.