കൊച്ചി: സഹോദരനിൽനിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 32 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. ഗർഭഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹരജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.
പെൺകുട്ടിയെ പരിശോധിക്കാൻ രൂപവത്കരിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിെന്റ അടിസ്ഥാനത്തിലാണ് കോടതി ഈ അനുമതി നൽകിയത്. ഭ്രൂണത്തിന്റെ വളർച്ച കണക്കിലെടുക്കുമ്പോൾ രക്തസ്രാവമടക്കം സങ്കീർണതകൾക്കും മറ്റ് പ്രശ്നങ്ങൾക്കും സാധ്യതയുണ്ടെങ്കിലും തുടരാൻ അനുവദിക്കുന്നത് ഇരയുടെ സാമൂഹിക, മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ഗർഭിണിയായത് സ്വന്തം സഹോദരനിൽനിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ കേസിലുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജീവനുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. സമാനവിഷയത്തിൽ കുഞ്ഞിനെ പുറത്തെടുക്കാനായിരുന്നു മുൻ ഉത്തരവുകളിൽ മെഡിക്കൽ ബോർഡിന് കോടതിയുടെ നിർദേശം. ജീവനുള്ള ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാൻ സർക്കാർ ആശുപത്രിയിൽ സൗകര്യമൊരുക്കുകയും പ്രത്യേക മെഡിക്കൽ സംഘത്തെ നിയമിക്കുകയും വേണമെന്നതടക്കം നിർദേശങ്ങളാണ് കോടതി നിർദേശിച്ചിരുന്നത്. കുട്ടിക്ക് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണമെന്നും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.