കൊച്ചി: മതിയായ പൂജ പരിചയം ഇല്ലെന്ന് കണ്ടെത്തിയവരെ കോടതി ഉത്തരവില്ലാതെ ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് ഹൈകോടതി. അതേസമയം, മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഒക്ടോബർ 17നാണ് നറുക്കെടുപ്പ്. മതിയായ പൂജ പരിചയമില്ലാത്തവരും പട്ടികയിൽ ഉൾപ്പെട്ടെന്ന് കാട്ടി ഹൈകോടതിക്ക് പരാതി ലഭിച്ചതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
നിലവിലെ പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്ക് മതിയായ പൂജ പരിചയം ഇല്ലെന്ന് രേഖകൾ പരിശോധിച്ച് കോടതി കണ്ടെത്തിയിരുന്നു. അപ്പീലിനെത്തുടർന്നാണ് ദേവസ്വം ബോർഡ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയതെങ്കിലും കാരണം ഫയലിൽ വ്യക്തമാക്കിയിട്ടില്ല. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇന്റർവ്യൂ നടത്തിയതിൽ ഇന്റർവ്യൂ ബോർഡ് അംഗങ്ങളായ പുറത്തുനിന്നുള്ള തന്ത്രിയും താഴമൺ ഇല്ലത്തെ തന്ത്രിയും നൽകിയ മാർക്കിൽ വലിയ അന്തരമുണ്ട്. പൂജാരിയെന്ന നിലയിലുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിൽ സമർപ്പിക്കണമെന്ന കോടതിയുടെ മുൻ ഉത്തരവ് കർശനമായി പാലിച്ചിട്ടുമില്ല.
മതിയായ പൂജ പരിചയം ഇല്ലെന്ന് കണ്ടെത്തിയ രണ്ടുപേരെയും കക്ഷിചേർത്ത കോടതി, ഇരുവർക്കും നോട്ടീസ് നൽകാൻ ഉത്തരവിട്ടു. നറുക്കെടുപ്പിനുള്ള പട്ടിക രണ്ടുദിവസത്തിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും ഒക്ടോബർ 14ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.