കൊച്ചി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പേരിൽ തിയറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവുമോയെന്ന് ഹൈകോടതി.
വ്യാപനം രൂക്ഷമായ മേഖലകളിൽ തിയറ്ററുകൾ അടക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ തിയറ്റർ ഉടമ ഹരി നിർമലും നൽകിയ ഹരജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് ഇത് വാക്കാൽ ചോദിച്ചത്. വിദഗ്ധ സമിതിയുടെ നിർദേശാനുസരണമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ മറുപടി നൽകി.
തുടർന്ന് നിലവിലെ സാഹചര്യം തിയറ്റർ ഉടമകൾ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സർക്കാറിനോട് മറുപടി തേടിയ സിംഗിൾബെഞ്ച് ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വ്യാപനം രൂക്ഷമായ മേഖലകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന് വ്യക്തമാക്കി സർക്കാർ ജനുവരി 20 ന് നൽകിയ ഉത്തരവും തിരുവനന്തപുരം ജില്ലയിലെ തിയറ്ററുകൾ അടക്കണമെന്ന് കാണിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ ജനുവരി 24 ന് നൽകിയ ഉത്തരവും ചോദ്യം ചെയ്താണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.