തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിനുമുള്ള വിലക്ക് പഞ്ചായത്ത് ഭരണസമിതികൾ മുതൽ നിയമസഭ വരെ പ്രതിഫലിക്കും. നിയമസഭാംഗങ്ങളിൽ ഏതാനുംപേർ എയ്ഡഡ് സ്കൂൾ അധ്യാപകരായി സർവിസിലുള്ളവരാണ്. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ബാധകമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാവും വിധി ബാധകമാവുക എന്നാണ് സൂചന.
വിധിപ്പകർപ്പ് വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വിധി കോളജുകൾക്ക് കൂടി ബാധകമായാൽ മന്ത്രി ജലീലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ അധ്യാപകജോലി രാജിെവക്കേണ്ടിവരും. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിമിനും കോടതിവിധി തിരിച്ചടിയാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഇബ്രാഹിമിന് അധ്യാപകജോലി രാജിവെേക്കണ്ടിവരും.
കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർക്ക് സർവിസ് ബാക്കിയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഹെഡ്മാസ്റ്റർ തസ്തികയിൽനിന്ന് സ്വയം വിരമിക്കൽ നേടി. നിലവിലെ നിയമസഭാംഗങ്ങളിൽ പലരും എയ്ഡഡ് അധ്യാപകജോലിയിൽനിന്ന് വിരമിച്ചവരോ സ്വയംവിരമിക്കൽ വാങ്ങിയവരോ ആയതിനാൽ അടുത്ത തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എയ്ഡഡ് സ്കൂൾ അധ്യാപക ജോലിയിൽനിന്ന് നേരേത്ത സ്വയംവിരമിക്കൽ നേടിയിരുന്നു.
വിധിക്ക് മുൻകാല പ്രാബല്യമില്ലാത്തതിനാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അംഗങ്ങളായ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ചുമതലയിൽ തുടരുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ, വിധിക്ക് ശേഷം നടക്കുന്ന ഉപതെരെഞ്ഞടുപ്പുകളിൽ ഉൾപ്പെടെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കാൻ കഴിയില്ല.
കേരള വിദ്യാഭ്യാസ ചട്ടത്തിലെ അധ്യായം 14 'എ'യിൽ ചട്ടം 56 പ്രകാരം നിയമനിർമാണ സഭ, തദ്ദേശ തെരഞ്ഞടുപ്പുകളിൽ മത്സരിച്ച് വിജയിക്കുന്ന അധ്യാപകർക്ക് പ്രത്യേക അവധിക്കും സർവിസ് ആനുകൂല്യങ്ങൾക്കും വ്യവസ്ഥ ചെയ്യുന്നുണ്ട്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം. ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമോ എന്നത് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.