കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്തത് കാക്കിയിട്ടതിെൻറ ധാർഷ്ട്യമെന്ന് ഹൈകോടതി. കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ മനസ്സിനെ അലോസരപ്പെടുത്തുന്നതാണ്. ആ കുട്ടിയെ ചേർത്തുപിടിച്ച് തലയിലൊന്നു തലോടിയിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമായിരുന്നു. എന്നാൽ, കാക്കി ധരിച്ചതിെൻറ ഈഗോയും ധാർഷ്ട്യവും മൂലം അങ്ങനെ ചെയ്യാൻ ആ ഉദ്യോഗസ്ഥക്ക് മനസ്സ് വന്നില്ല. ഇത്തരത്തിലുള്ള പിങ്ക് പൊലീസ് എന്തിനാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ക്രൂരമായ അധിക്ഷേപമുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായില്ല. ആരോപണവിധേയക്ക് ഗുണപ്രദമായ രീതിയിലുള്ള സ്ഥലം മാറ്റമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പരസ്യവിചാരണക്കിരയായ തോന്നക്കൽ ജയചന്ദ്രെൻറ മൂന്നാം ക്ലാസുകാരിയായ മകൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ ജയചന്ദ്രെനയും മകളെയും പൊലീസ് നടുറോഡിൽ അപമാനിച്ചത്. മകളുമായി മൂന്നുമുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്. പിതാവിനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽനിന്ന് തന്നെ കണ്ടെത്തി.
ഒരു പെൺകുട്ടിയുടെ ജീവിതത്തെക്കാൾ വില ഫോണിനുണ്ടോയെന്ന് കോടതി ചോദിച്ചു. ഇനി പെൺകുട്ടി ജീവിതത്തിൽ പൊലീസുകാരെ സംരക്ഷകരായി കാണുമോ. ലഘുവായി പരിഹരിക്കാവുന്ന പ്രശ്നമാണ് ധാർഷ്ട്യം മൂലം വഷളാക്കിയത്. ഫോൺ കിട്ടിയിരുന്നില്ലെങ്കിൽ അവരെ ജയിലിടക്കുമായിരുന്നില്ലേ. തെറ്റു പറ്റിയെന്നറിഞ്ഞപ്പോഴെങ്കിലും മാപ്പുപറയാൻ തയാറാകണമായിരുന്നു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും മനസ്സലിയാഞ്ഞതെന്താണ്. ദൃശ്യങ്ങൾ കണ്ട് കണ്ണ് നിറഞ്ഞു. വിദേശത്തായിരുന്നെങ്കിൽ ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സംഭവമാണിത്. സംഭവം നടന്നിട്ട് മൂന്നുമാസമായിട്ടും ഒരിക്കൽപോലും കുട്ടിയെ കണ്ട് മാപ്പ് പറയാൻ തയാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിെൻറ ദൃശ്യങ്ങൾ സംഗിൾബെഞ്ച് വിശദമായി പരിശോധിച്ചു. തുടർന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥക്കെതിരെ സ്വീകരിച്ച നടപടികളും കാരണവും അന്വേഷണ വിശദാംശങ്ങളും വ്യക്തമാക്കി ഡി.ജി.പി റിപ്പോർട്ട് നൽകണെമന്ന് കോടതി നിർദേശിച്ചു. സംഭവത്തെത്തുടർന്നുള്ള മാനസികാഘാതം മൂലം കുട്ടിക്കുവേണ്ടി വന്ന ചികിത്സയുടെ വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാൻ ഹരജിക്കാരിയുടെ അഭിഭാഷകയോട് നിർദേശിച്ച കോടതി തുടർന്ന് ഹരജി ഡിസംബർ ഏഴിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.