മൂന്ന് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം: എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാമെന്ന് കോടതി; പെൺമക്കളുടെ ഹരജി തള്ളി

കൊച്ചി: മൂന്ന് മാസം മുമ്പ് മരണപ്പെട്ട സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പെൺമക്കൾ നൽകിയ ഹരജി ഹൈകോടതി തള്ളി. മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. സെപ്​റ്റംബർ 21നാണ്​ എം.എം. ലോറൻസ്​ മരിച്ചത്​. മക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൃതദേഹം കൊച്ചി ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന മകന്‍റെ വാദം ഹൈകോടതി സിംഗിൾബെഞ്ച്​ നേരത്തെ അംഗീകരിച്ചിരുന്നു. ഈ ഉത്തരവ്​ ചോദ്യംചെയ്താണ്​ പെൺമക്കളായ ആശയും സുജാതയും അപ്പീൽ ഹരജി നൽകിയത്. തുടർന്ന് ഡിവിഷൻബെഞ്ച്​ നിർദേശപ്രകാരം അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ഇവർ ഒത്തുതീർപ്പിന് സന്നദ്ധമായില്ല. മകൻ എം.എൽ. സജീവന്റെ നിലപാടിന്​ വിരുദ്ധമായി മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്ന ആഗ്രഹമാണ്​ സുജാതയും ആശയും ഡിവിഷൻ ബെഞ്ചിനെ അറിയിച്ചത്​. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക്​ തയാറല്ലെന്ന് മധ്യസ്ഥ ചർച്ചക്ക്​ നിയോഗിച്ച മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി തള്ളി കോടതി തീർപ്പുകൽപിച്ചത്.

തർക്കം സിവിൽ കോടതി മുഖേനയോ മധ്യസ്ഥ ചർച്ചയിലൂ​ടെയോ ആണ്​ പരിഹരിക്കേണ്ടതെന്ന്​ വിലയിരുത്തിയാണ്​ ​കോടതി മധ്യസ്ഥതക്ക്​ വിട്ടത്​. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് മരണത്തിനുമുമ്പ് ലോറൻസ് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ ആഗ്രഹം അറിയിച്ചിരുന്നുവെന്ന സജീവന്റെ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്.

Tags:    
News Summary - High Court dismisses Asha's petition; MM Lawrence's body will be handed over for medical studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.