കൊച്ചി: ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ. അനിൽകുമാർ വിരമിച്ചു. 2018 നവംബർ അഞ്ചുമുതൽ മൂന്നുവർഷം ഹൈകോടതി ജഡ്ജിയായി ഒട്ടേറെ വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് അനിൽകുമാർ പടിയിറങ്ങിയത്.
വ്യാഴാഴ്ച നടന്ന ഫുൾ കോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം സ്വദേശിയാണ്. ചെങ്ങന്നൂർ മുൻസിഫായാണ് ആദ്യ നിയമനം. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ മുൻസിഫ്, എറണാകുളം സബ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജില്ല ജഡ്ജി കാഡറിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി, കൊല്ലത്ത് മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാവേലിക്കരയിൽ അഡീഷനൽ സെഷൻസ് ജഡ്ജിയായിരിക്കെ അനിൽകുമാറാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിന്റെ വിധി പറഞ്ഞത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ ജിഷ കേസിൽ വിധി പറഞ്ഞതും ഇദ്ദേഹമാണ്. ഭാര്യ: ഗൗത. മക്കൾ: അർജുൻ, അരവിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.