കൊച്ചി: ന്യൂനപക്ഷങ്ങളുടെ പൊതു അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമേ സ ംസ്ഥാന ന്യൂനപക്ഷ കമീഷന് ഇടപെടാൻ അധികാരമുള്ളൂവെന്ന് ഹൈകോടതി. ന്യൂനപക്ഷ സമുദാ യാംഗങ്ങൾ ഉന്നയിക്കുന്ന വ്യക്തിപരമായ ആവശ്യങ്ങളിൽ തീർപ്പു കൽപ്പിക്കാനാവില്ലെന്ന ും കോടതി വ്യക്തമാക്കി. ന്യൂനപക്ഷ സമുദായാംഗമായ തൃശൂരിലെ ഗ്രാനൈറ്റ് കമ്പനി എം.ഡിക്ക് 15 ദിവസത്തിനകം റവന്യൂ രേഖകൾ നൽകണമെന്ന കമീഷൻ ഉത്തരവിനെതിരെ തൃശൂർ ലാൻഡ് റെേക്കാഡ്സ് തഹസിൽദാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്.
ക്വാറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഭൂരേഖകൾ ലഭ്യമാക്കാൻ ജെന്നി എന്നയാൾ നൽകിയ അപേക്ഷ റവന്യൂ അധികൃതർ നിരസിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിലാണ് തഹസിൽദാർക്കും തൃശൂർ മുളയം വില്ലേജ് ഒാഫിസർക്കും 2018 നവംബർ മൂന്നിന് ന്യൂനപക്ഷ കമീഷൻ ഉത്തരവ് നൽകിയത്. കമീഷെൻറ നടപടി നിയമപരമല്ലെന്നായിരുന്നു തഹസിൽദാറുടെ ഹരജി. ഭൂരിപക്ഷ ജനതക്ക് തുല്യമായി ന്യൂനപക്ഷങ്ങളെ പരിഗണിക്കാനും സുരക്ഷിതത്വ ബോധമുണ്ടാക്കാനുമാണ് ഭരണഘടനയിൽ ന്യൂനപക്ഷ പരിരക്ഷ വിഭാവനം ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. സർക്കാർ നിയമം കൊണ്ടുവന്നതും കമീഷന് രൂപം നൽകിയതും ഭരണഘടനയിൽ പറയുന്ന ന്യൂനപക്ഷ പരിരക്ഷ ഉറപ്പാക്കാനാണ്. ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, ശാക്തീകരണം തുടങ്ങിയവയാണ് നിയമത്തിെൻറ ലക്ഷ്യം.
ന്യൂനപക്ഷ വിഭാഗക്കാരനായ ഒരാൾ റവന്യൂ രേഖകൾക്കായി നൽകുന്ന അപേക്ഷ സംരക്ഷണത്തിെൻറ ഭാഗമായി കണക്കാക്കാനാവില്ല. ന്യൂനപക്ഷങ്ങളുടെ പൊതുവായ വികസനമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ വ്യക്തിപരമായ നേട്ടങ്ങൾക്കോ അഭിവൃദ്ധിക്കോ ഉപയോഗിക്കാൻ കഴിയില്ല. കാർഷികാവശ്യത്തിനുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ ശ്രമമുണ്ടെന്നാരോപിച്ചാണ് റവന്യൂ അധികൃതർ രേഖകൾ നൽകാതിരുന്നത്. ഇക്കാര്യത്തിൽ ന്യൂനപക്ഷ കമീഷെൻറ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കമീഷൻ ഉത്തരവ് റദ്ദാക്കി. രേഖകൾ ലഭിക്കാൻ ജെന്നിക്ക് ഉചിത നിയമ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.