കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഫീസ് നിർണയിച്ച് പ്രവേശന-ഫീസ് റെഗുലേറ്ററി കമ്മിറ്റി (സമിതി) പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈേകാടതി റദ്ദാക്കി. രണ്ടുമാസത്തിനകം ഫീസ് പുനർനിർണയിച്ച് പുതിയ ഉത്തരവിടണമെന്നും അതുവരെ നിലവിൽ നിശ്ചയിച്ച നിരക്കിൽ ഫീസ് ഇൗടാക്കാമെന്നും ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, ആനി ജോൺ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറയുന്നു. സമിതി ക്വോറം തികയാതെ യോഗം ചേർന്നിറക്കിയ ഉത്തരവുകൾ നിയമപരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.
സ്വാശ്രയ മെഡിക്കൽ കോളജുകളുടെ ചെലവുകൾ കൃത്യമായി കണക്കാക്കാതെ സമിതി ഫീസ് പുനർനിർണയിച്ചത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് ഉൾപ്പെടെ നൽകിയ 26 ഹരജിയാണ് കോടതി പരിഗണിച്ചത്. 2016-17 മുതൽ ’18-’-19 വരെയുള്ള അധ്യയന വർഷങ്ങളിലെ ഫീസ് നിർണയ അപാകതകളാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. 4.5 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെയാണ് സമിതി നിശ്ചയിച്ച ഫീസ്. 11 ലക്ഷമാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
സമിതിയിലെ രണ്ടോ മൂന്നോ അംഗങ്ങൾ ചേർന്നാണ് ഫീസ് നിർണയ ഉത്തരവുകൾ നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാവരും സിറ്റിങ് നടത്തിയിട്ടില്ല.
സമിതി ക്വോറം തികയണമെങ്കിൽ യോഗത്തിൽ കുറഞ്ഞത് നാലംഗങ്ങൾ വേണമെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതോടെ ക്വോറം സംബന്ധിച്ച പ്രത്യേക പരാമർശം ഇല്ലാതായി.
ഇൗ സാഹചര്യത്തിൽ സമിതി അംഗങ്ങളെല്ലാവരും ഹാജരായി യോഗം ചേർന്ന് ഉത്തരവിറക്കണം. അല്ലാത്ത ഉത്തരവുകൾ നിലനിൽക്കില്ല. അതിനാൽ ക്വോറം തികയാത്ത യോഗത്തിൽ തീരുമാനമെടുത്ത് ഫീസ് നിർണയസമിതി പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി.
കോളജുകൾ നിശ്ചയിച്ച ഫീസിൽ തലവരിപ്പണമുണ്ടോ, ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നിവയാണ് സമിതി പ്രാഥമികമായി പരിശോധിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.