കൊച്ചി: ഡ്യൂട്ടിയിലുള്ള സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ നിയമപ്രകാരമുള്ള യൂനിഫോം ധരിച്ചിരിക്കണമെന്ന് ഹൈകോടതി. യൂനിഫോം ധരിക്കാതെ ഗുരുവായൂരിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥെൻറ ജോലി തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നുമാരോപിച്ച് തൃശൂർ പൂവത്തൂർ സ്വദേശി അവിനാശിനെതിരെ എടുത്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്.
പൊലീസുകാരുടെ യൂനിഫോമിനെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡി.ജി.പി നിർദേശം നൽകണം. പൊലീസുകാർ യൂനിഫോം ധരിക്കുന്നതിൽ അഭിമാനമുള്ളവരായിരിക്കണം. ഇളവ് അനുവദനീയമായ ഘട്ടത്തിലല്ലാതെ ഡ്യൂട്ടി സമയത്ത് നിർബന്ധമായും യൂനിഫോം ധരിച്ചിരിക്കണമെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ നോ പാർക്കിങ് മേഖലയിൽ കാർ പാർക്ക് ചെയ്തതിനെത്തുടർന്ന് അവിനാശിെൻറ കാറിൽ സിവിൽ പൊലീസ് ഒാഫിസർ സ്റ്റിക്കർ പതിച്ചു. യൂനിഫോം ധരിക്കാതെയെത്തി കാറിൽ സ്റ്റിക്കർ പതിക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ കേസെടുക്കുകയായിരുന്നു.
2014 ഏപ്രിൽ 17നുണ്ടായ സംഭവത്തെത്തുടർന്ന് ചാവക്കാട് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇതിനെതിരെ അവിനാശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസ് നടപടികൾ തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗമാകുമെന്ന് വിലയിരുത്തിയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.