എസ്.വി. പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവം: തുടരന്വേഷണത്തിന് ഉത്തരവിട്ട്​​ ഹൈകോടതി

കൊച്ചി: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന്​ ഹൈകോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ തുടരന്വേഷണം നടത്തുന്നതിന് ഡി.ജി.പി നടപടിയെടുക്കണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്​ ആർ. വസന്തകുമാരി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ ഉത്തരവ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറാനും നിർദേശിച്ചു.

ഭാരത് ലൈവ് ഓൺലൈൻ ചാനൽ മേധാവിയായിരുന്ന പ്രദീപ് 2020 ഡിസംബർ 14നാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ടിപ്പർ ലോറിയിടിച്ചായിരുന്നു അപകടം. കൊലക്കുറ്റത്തിന് കേസ് എടുത്തെങ്കിലും പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യയാക്കി കേസ് ഭേദഗതി ചെയ്തു. മകനെതിരെ വധഭീഷണിയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാതെയാണ് കേസ് മനഃപൂർവമല്ലാത്ത നരഹത്യയാക്കി മാറ്റിയതെന്ന് വസന്തകുമാരി ആരോപിച്ചിരുന്നു.

മന്ത്രി എ.കെ. ശശീന്ദ്രനെ ഹണിട്രാപ്പിൽ കുടുക്കിയെന്ന കേസിൽ പ്രദീപിനെ പ്രതിചേർത്തിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരും മാഫിയയും തമ്മിലെ കൂട്ടുകെട്ടുകൾ പുറത്തുകൊണ്ടുവരുന്ന വാർത്തകൾ പ്രദീപ് ചെയ്തിരുന്നുവെന്നും ഇതേ തുടർന്ന് നിരവധി തവണ വധഭീഷണിയുണ്ടായിരുന്നുവെന്നും മാതാവ്​ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി കെ.പി. യോഹന്നാൻ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് പ്രദീപിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. കേസ് മനഃപൂർവമല്ലാത്ത നരഹത്യയാക്കിയ നടപടി ദുരുദ്ദേശ്യപരമാണെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും വസന്തകുമാരി ആരോപിച്ചിരുന്നു. എന്നാൽ, അന്വേഷണം ഏറക്കുറെ പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നുമായിരുന്നു സർക്കാറിന്‍റെ മറുപടി.

മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാവിന്‍റെ ആശങ്ക കണക്കിലെടുത്ത ഹൈകോടതി തുടരന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. ആശങ്ക ദുരീകരിക്കാൻ പൊലീസ് അവസരത്തിനൊത്ത് ഉയരണം. നീതി നടപ്പാക്കിയാൽ മാത്രം പോരാ, നീതി നടപ്പാക്കിയെന്ന് തോന്നണമെന്നും ഹൈകോടതി വ്യക്തമാക്കി.

Tags:    
News Summary - High court orders further investigation on SV Pradeep's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.