കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഹൈകോടതി ഉത്തരവിട്ടു. പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് നിർദേശം നൽകിയ കോടതി, പരാതിക്കാരിയായ കുട്ടിക്ക് 25,000 രൂപ കോടതിച്ചെലവായി നൽകണമെന്നും ഉത്തരവിട്ടു. ഒന്നര ലക്ഷം രൂപ സർക്കാറാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
സംഭവത്തിൽ കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥക്ക് ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകണം. ക്രമസമാധാന പരിപാലനത്തിൽ നിന്ന് ഇവരെ മാറ്റിനിർത്തണമെന്നും കോടതി വ്യക്തമാക്കി.
പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയാണെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ കുട്ടിക്കും നൽകണമെന്ന് കോടതി നിർദേശിച്ചെങ്കിലും നഷ്ടപരിഹാരം നൽകാനാവില്ലെന്ന മറുപടിയാണ് സർക്കാർ നൽകിയത്. ഉദ്യോഗസ്ഥക്കെതിരെ കൂടുതൽ ശിക്ഷ ആവശ്യമില്ലെന്നും കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം.
സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറയാൻ തയാറായിരുന്നു. എന്നാൽ, പൊലീസിന്‍റെ പ്രവൃത്തിക്ക് മാപ്പ് മതിയാകില്ലെന്നായിരുന്നു പരാതിക്കാർ വ്യക്തമാക്കിയത്. പൊലീസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് നടുറോഡിൽ അപമാനിച്ചത്. മകളുമായി ആറ്റിങ്ങൽ മൂന്നുമുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്. പിതാവിനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ ഉദ്യോഗസ്ഥയുടെ കാണാതായ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽനിന്ന് തന്നെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.