കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കണക്കുകൾ കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കുന്ന നടപടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവസാനിപ്പിക്കണമെന്ന് ഹൈകോടതി. ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്ന് എത്ര തുക ചെലവഴിക്കാനാവുമെന്ന് സംസ്ഥാന സർക്കാറും എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാറും ശനിയാഴ്ച വ്യക്തമായി അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കർശന നിർദേശം നൽകി. കണക്കുകളിൽ വ്യക്തത വരുത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അക്കൗണ്ട്സ് ഓഫിസറോട് ഹാജരാകാനും നിർദേശിച്ചു.
അടിയന്തര സഹായമായി ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 153.467 കോടി രൂപ നൽകാൻ തീരുമാനിച്ചെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ, ഈ തുക വിനിയോഗിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുള്ളതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടായി കേരളത്തിന്റെ പക്കലുള്ള 782.99 കോടിയുടെ പകുതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിന് ഉപയോഗിച്ചാലേ അനുവദിച്ച 153 കോടി വിനിയോഗിക്കാനാകൂ എന്നതാണ് കേന്ദ്ര നിബന്ധന.
ജനങ്ങളുടെ പുനരധിവാസത്തിന് നടപടി വേണമെന്നും സാങ്കേതികവിഷയങ്ങൾ പരിഹാരമല്ലെന്നും കോടതി പറഞ്ഞു. പുനരധിവാസത്തിന് എത്ര തുക അനുവദിച്ചു, അത് വിനിയോഗിക്കാൻ അനുവദിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ കേന്ദ്രം വ്യക്തത വരുത്തണം.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വായുസേനയുടെ ബിൽ സംസ്ഥാനം ആദ്യം നൽകണമെന്നും പിന്നീട് അത് കേന്ദ്രം സംസ്ഥാനത്തിന് നൽകുമെന്ന കേന്ദ്ര വിശദീകരണത്തിന് പണം നേരിട്ട് നൽകുന്നതും റീ ഇംപേഴ്സ് ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. ദുരന്തവുമായി ബന്ധപ്പെട്ട സഹായം നേരിട്ട് നൽകാനാവുമോയെന്ന കാര്യം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്ന് ഹരജി ശനിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.