രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈകോടതി തള്ളി. ആവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാനാകുന്നതല്ലെന്നും, പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഹരജി നൽകുകയാണ് പോംവഴിയെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ വി.ജി. അരുൺ, എസ്. മനു എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്. അഭിഭാഷക ആവണി ബെൻസൽ, ബംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹരജി നൽകിയത്.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമീഷൻ കോടതിയെ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖർ പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ചെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമർപ്പിച്ചതെന്നും കാണിച്ചായിരുന്നു ഹരജി നൽകിയത്. ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു എന്നും ഹരജിക്കാർ ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖർ വാഹനങ്ങളുടെ പൂർണ വിവരങ്ങൾ സ്വത്ത് വിവരത്തിൽ നൽകിയിട്ടില്ലെന്നും ഓഹരി നിക്ഷേപവും മ്യൂച്വൽ ഫണ്ട്​ വിവരങ്ങളും പൂർണമായി നൽകിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

ഏപ്രിൽ അഞ്ചിന് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 28 കോടിയുടെ ആസ്തിയുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2021–22ൽ 680 രൂപയും 2022–23ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് ചന്ദ്രശേഖർ കാണിച്ചിരുന്നത്.

Tags:    
News Summary - High Court rejected Rajeev Chandrasekhar's plea to dismiss his petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.