പാതയോരത്തെ കൊടിതോരണങ്ങൾ: എത്ര കേസെടുത്തെന്ന് ഹൈകോടതി

കൊച്ചി: പൊതുവഴികളിലും പാതയോരങ്ങളിലും അനധികൃതമായി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാൻ ഹൈകോടതി നിർദേശം. തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കാത്തത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

റിപ്പോർട്ട് നൽകുമ്പോൾ ചുമത്തിയ കുറ്റങ്ങൾ, നീക്കിയ വസ്തുക്കളുടെ വിവരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തണം. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ നഗരസഭകളിലെ സ്ഥിതിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. തിരുവനന്തപുരം നഗരത്തിലാകെ കൊടിതോരണങ്ങളും ബോർഡുകളുമാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടു നൽകിയിരുന്നു.

തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൺവെട്ടത്താണ് നിയമലംഘനം നടക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അനധികൃത കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ രൂപവത്കരിക്കേണ്ട പ്രാദേശികതല സമിതിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു പകരം ഡിവൈ.എസ്.പിമാരെ നിയോഗിക്കണമെന്ന ആവശ്യത്തിൽ സർക്കാർ നിലപാട് അറിയിക്കാനും നിർദേശിച്ചു. നേരത്തേ കോടതി നിർദേശ പ്രകാരം തൃശൂർ നഗരസഭ സെക്രട്ടറി ഹാജരായിരുന്നു. തൃശൂർ നഗരസഭയിൽ പൊതുവഴിയിലെ അനധികൃത കൊടിതോരണം കഴുത്തിൽ ചുറ്റി ഇരുചക്രവാഹന യാത്രക്കാരിയായ അഭിഭാഷകക്ക് പരിക്കേറ്റ സംഭവത്തെത്തുടർന്നാണ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈകോടതി നിർദേശിച്ചത്. സംഭവത്തിൽ സ്വീകരിച്ച നടപടികൾ നഗരസഭ ഹൈകോടതിയിൽ ബോധിപ്പിച്ചു.

Tags:    
News Summary - High court roadside banner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.