കൊച്ചി: സാങ്കേതികവിദ്യയുടെ നൂതന കണ്ടുപിടിത്തങ്ങളും പുതിയ ആശയങ്ങളും ലോകം മുഴുവൻ സർവകലാശാലകളെ മാറ്റിമറിക്കുമ്പോൾ താൽക്കാലിക വൈസ് ചാൻസലറുടെ പേരിലെ തർക്കം കേരളത്തിലെ വിദ്യാർഥികൾക്ക് ഹാനികരമാകരുതെന്ന് ഹൈകോടതി. കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി നിയമനം ശരിവെച്ചുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിലാണ് ഈ പരാമർശം.
വിദ്യാർഥികളുടെ മികവിലാണ് സർവകലാശാലകളുടെ നിലനിൽപ്. സമൂഹത്തിൽ വലിയ പങ്ക് വഹിക്കുന്ന സർവകലാശാലകളുടെ ലക്ഷ്യവും പ്രാധാന്യവും ഇകഴ്ത്തിക്കാണരുത്. അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാർഥികളെ വളർത്തുമ്പോഴാണ് അവക്ക് സൽകീർത്തിയുണ്ടാവുക. അന്തസ്സ് ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ പ്രയാസമാകും. രണ്ട് ഭരണഘടന സ്ഥാപനങ്ങൾ തമ്മിലുള്ള സംഘർഷം നേട്ടങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നുവെന്നും വിദ്യാർഥികളിലും പൊതുസമൂഹത്തിലും അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്നും വിലയിരുത്തണം. ഭരണഘടന സ്ഥാപനങ്ങൾ തമ്മിലെ ഭിന്നത അവസാനിപ്പിക്കുമെന്ന പ്രതീക്ഷയാണ് കോടതിക്കുള്ളത്.
സംസ്ഥാനത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ സർവകലാശാലക്ക് കീഴിലാണ്. അതിനാൽ, എത്രയും പെട്ടെന്ന് പുതിയ വി.സിയെ നിയമിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് അഭ്യർഥന.
വി.സിയുടെ താൽക്കാലിക ചുമതലയുണ്ടെങ്കിലും ഓഫിസിലേക്ക് പ്രവേശിക്കുന്നതു തടഞ്ഞ് അമ്പതോളം പേർ ഓഫിസിനു മുന്നിൽ ഇരിക്കുന്നുണ്ടെന്നും 400 ഫയൽ നോക്കാനുണ്ടെന്നും ഡോ. സിസ പറഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. താൽക്കാലിക വി.സി ഫയലുകൾ നോക്കിയിട്ടില്ലെന്ന് സർവകലാശാലയും അറിയിച്ചു.
ഇതുതന്നെയാണ് കോടതി ഭയപ്പെട്ടിരുന്നതെന്നും അധികൃതർ തമ്മിലെ തർക്കം വിദ്യാർഥികളെ ദുരിതത്തിലാക്കരുതെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.