സർവിസ് വിഷയങ്ങളിൽ ഉത്തരവിടാൻ മനുഷ്യാവകാശ കമീഷന് അധികാരമില്ലെന്ന് ഹൈകോടതി

കൊച്ചി: സർവിസ് വിഷയങ്ങളിൽ ഉത്തരവിടാൻ സംസ്ഥാന മനുഷ്യാവകാശ കമീഷന് അധികാരമില്ലെന്ന് ഹൈകോടതി. ഇത്തരം വിഷയങ്ങൾ പരിഗണിക്കാനോ തർക്കങ്ങളിൽ തീരുമാനം എടുക്കാനോ മനുഷ്യാവകാശ കമീഷന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പത്താം ശമ്പള കമീഷൻ ശിപാർശപ്രകാരമുള്ള ശമ്പളം ഐ.എച്ച്.ആർ.ഡി ജീവനക്കാർക്കും ഗെസ്റ്റ് ലെക്ചറർമാർക്കും നൽകാൻ നടപടിയെടുക്കണമെന്ന 2018 നവംബർ 30ലെ മനുഷ്യാവകാശ കമീഷന്‍റെ ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി വിധി.

കമീഷൻ ഉത്തരവ് ചോദ്യംചെയ്ത് ഐ.എച്ച്.ആർ.ഡി ഡയറക്ടറാണ് ഹരജി നൽകിയത്. വാദത്തിന് അവസരവും നോട്ടീസും നൽകാതെയുമാണ് കമീഷൻ ഉത്തരവിറക്കിയതെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു. സ്ഥാപനത്തിൽ പത്താം ശമ്പള കമീഷൻ ആനുകൂല്യം നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാലും നടപ്പാക്കാനാവില്ല. സിവിൽ തർക്കങ്ങളും സർവിസ്, തൊഴിൽ പ്രശ്നങ്ങളും കമീഷന് പരിഗണിക്കാനാവില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

കമീഷൻ ചട്ടവ്യവസ്ഥകളും മുൻകാല വിധികളുമടക്കം പരിശോധിച്ചാണ് സർവിസ് വിഷയങ്ങൾ കമീഷന്റെ അധികാര പരിധിയിൽ വരില്ലെന്ന് വിലയിരുത്തി ഉത്തരവ് ഹൈകോടതി റദ്ദാക്കിയത്. ഇടക്കാല ഉത്തരവിലൂടെ പരാതിയിലെ പ്രധാന ആവശ്യംതന്നെയാണ് കമീഷൻ അനുവദിച്ചതെന്നും ഇത് ശരിയായ നടപടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Tags:    
News Summary - High Court says Human Rights Commission has no power to make orders on service matters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.