ട്രൈബ്യൂണൽ വിധി: വെള്ളാപ്പള്ളിക്കെതിരായ അറസ്റ്റ് വാറന്‍റിന് ഹൈകോടതി സ്റ്റേ

കൊച്ചി: എസ്.എൻ ട്രസ്റ്റ് കോളജുകളുടെ മാനേജരായ വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂനിവേഴ്‌സിറ്റി അപ്പലറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ്​ ​ഹൈകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ടി.ആർ. രവിയുടേതാണ് ഉത്തരവ്.

കൊല്ലം നെടുങ്കണ്ട എസ്.എൻ ട്രെയിനിങ്​ കോളജിലെ അസോ. പ്രഫ. ഡോ. ആർ. പ്രവീണിനെതിരായ കുറ്റാരോപണ മെമ്മോയും സസ്‌പെൻഷൻ ഉത്തരവും മറ്റ്​ ശിക്ഷാ നടപടികളും റദ്ദാക്കി തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള അപ്പലറ്റ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് അറസ്റ്റ് വാറന്‍റ്​ പുറപ്പെടുവിച്ചിരുന്നത്.

തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ വിധിക്കെതിരെ മാനേജർ നേരത്തെ ഹൈകോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹരജി നിലവിലുണ്ടെന്നും ട്രൈബ്യൂണലിന്‍റെ ഉത്തരവ് സബ് കോടതി മുഖേനയാണ് നടപ്പാക്കേണ്ടതെന്ന്​ നിയമമുണ്ടെന്നും വെള്ളാപ്പള്ളിക്ക്​ വേണ്ടി ഹാജരായ അഡ്വ. എ.എൻ. രാജൻ ബാബു ബോധിപ്പിച്ചു.

കുറ്റാരോപണ മെമ്മോക്കും കുറ്റാരോപണപത്രികക്കും സസ്‌പെൻഷൻ ഉത്തരവിനും എതിരായ അപ്പീൽ പരിഗണിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും ഉത്തരവ് അസാധു ആണെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഹൈകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് വാറന്‍റ്​ സ്റ്റേ ചെയ്തത്.

Tags:    
News Summary - High Court stayed the arrest warrant against Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.