കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് ഹൈകോടതി സ്റ്റേ. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന പരാമർശത്തോടെ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്. അതേസമയം, സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈകോടതി ഉത്തരവിട്ടു.
കൊയിലാണ്ടി ക്യാമ്പിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. ഹരജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ച കോടതി സിവിക് ചന്ദ്രന് നോട്ടിസ് അയച്ചു.
പരാതിക്കാരിയുടെ വസ്ത്രവുമായി ബന്ധപ്പെട്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്ന് വിലയിരുത്തിയ ഹൈകോടതി, കേസിന്റെ രേഖകൾ വിളിച്ചു വരുത്തുമെന്ന് അറിയിച്ചു.
സിവിക് ചന്ദ്രനുമായി ബന്ധപ്പെട്ട് മൂന്നു ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. മുൻകൂർ ജാമ്യം അനുവദിച്ച വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ രണ്ട് അപ്പീലുകളും പരാതിക്കാരിയുടെ ഹരജിയുമാണുള്ളത്.
സിവിക്കിനെതിരായ രണ്ടാമത്തെ പീഡന പരാതിയിൽ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന പരാമർശത്തോടെ മുൻകൂർ ജാമ്യം അനുവദിച്ചത് ചർച്ചയായതിന് പിന്നാലെയാണ് ആദ്യ ഉത്തരവിലെ പരാമർശങ്ങളും വിവാദമായത്.
മുൻകൂർ ജാമ്യഹരജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോയിൽ പരാതിക്കാരിയെ ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രത്തിലാണ് കാണുന്നതെന്നും ഇക്കാരണത്താൽ പ്രതിയിൽ ചുമത്തിയ ശിക്ഷാനിയമം 354 എ പ്രകാരമുള്ള ലൈംഗിക പീഡനക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്.
ശാരീരിക അവശതകളുള്ള 74കാരനായ സിവിക്, പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നത് അവിശ്വസനീയമാണ്. അതിനാൽ മുൻകൂർ ജാമ്യമനുവദിക്കാൻ യോജിച്ച കേസാണിതെന്നും പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ആഗസ്റ്റ് 12ന് സിവികിന് മുൻകൂർ ജാമ്യമനുവദിക്കുകയായിരുന്നു. പരാതിക്കാരിയുടെ ഫേസ്ബുക്കിലെ ഫോട്ടോകളാണ് പ്രതിഭാഗം ഹാജരാക്കിയത്.
സിവികിന് എതിരെയുള്ള രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം നൽകിയുള്ള ഉത്തരവിലാണ് വിവാദപരാമർശം. ആദ്യ കേസിലും ഇതേ കോടതി മുൻകൂർ ജാമ്യമനുവദിച്ചിരുന്നു. ദലിത് യുവതിയായിരുന്നു ആദ്യകേസിൽ പരാതിക്കാരി. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമുള്ള കുറ്റവും ആരോപിച്ചിരുന്നു.
ജാതിവിവേചനത്തിനെതിരായി ചിന്തിക്കുന്നയാളെന്ന് തെളിയിക്കാൻ ജാതിയേതെന്ന് വ്യക്തമാക്കാത്ത 1965ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സിവിക് ആദ്യകേസിൽ ഹാജരാക്കിയിരുന്നു. അങ്ങനെയുള്ളയാൾ ദലിത് എന്ന് അറിഞ്ഞ് പരാതിക്കാരിയോട് കുറ്റം ചെയ്തുവെന്ന് പറയാനാവില്ലെന്നും പരാതിക്കാരിയും പ്രതിയുമായുള്ള ശാരീരിക സവിശേഷതകൾ പരിഗണിക്കുമ്പോൾ കേസെടുത്ത പ്രകാരമുള്ള ആക്രമണം സാധ്യമല്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്ത് നടന്ന ക്യാമ്പിൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് രണ്ട് കേസുകളിലുമുള്ള ആരോപണം. പരാതിക്കാരിയുടെ വസ്ത്രം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോടതിയുടെ പരാമർശം വിവാദമായതിന് പിന്നാലെ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജിനെ സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.