കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹൈകോടതി സ്വമേധയ കേസെടുത്തു. ക്ഷേത്രത്തിലെ നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിക്കകത്ത് നടക്കുന്ന വഴിപാട് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയ ഹരജി പരിഗണിച്ചത്.
പുറത്തുകാണാത്ത വിധത്തിൽ പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തിയാണ് കാൽകഴുകിച്ചൂട്ട് വഴിപാട് നടത്തുന്നത്. പാപപരിഹാരത്തിനായി നടത്തുന്ന ഈ വഴിപാടിന് 20,000 രൂപയാണ് ഈടാക്കുന്നത്. അടുത്തിടെ കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവർ ക്ഷേത്രത്തിൽ പുനരുദ്ധാരണ ചടങ്ങുകളുടെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന ഇതേ ചടങ്ങ് വിവാദമായതോടെ കൊച്ചിൻ ദേവസ്വം ബോർഡ് ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പൂർണത്രയീശ ക്ഷേത്രത്തിൽ ഈ ആചാരം വഴിപാടായി നടത്തുന്ന വിവരം പുറത്തു വന്നത്.
സംസ്ഥാന ദേവസ്വം സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, തൃപ്പൂണിത്തുറ ദേവസ്വം ഓഫിസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.