കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിനും നാഷനൽ കാഡറ്റ് കോർപ്സ് (എൻ.സി.സി) അംഗത്വം ലഭിക്കുംവിധം നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ നിയമനിർമാണമോ ഭേദഗതിയോ കേന്ദ്ര സർക്കാർ ആലോചിക്കണം. ഇക്കാര്യത്തിൽ നിയമനിർമാണ സഭക്ക് പ്രത്യേക നിർദേശം നൽകുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥിനി ഹിന ഹനീഫക്ക് എൻ.സി.സി വനിത വിഭാഗത്തിൽ ചേരാനുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് നിലപാട് ശരിവെച്ചുള്ള ഉത്തരവിലാണ് ഈ നിർദേശം. ട്രാൻസ്ജെൻഡറുകൾക്ക് എൻറോൾ ചെയ്യത്തക്കവിധം എൻ.സി.സി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എൻ.സി.സിയും കേന്ദ്രസർക്കാറും നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
പുരുഷനായി ജനിച്ച ഹരജിക്കാരി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് വനിതയായത്. അവരുടെ താൽപര്യപ്രകാരം സാമൂഹികനീതി വകുപ്പ് ‘ട്രാൻസ്‌വുമൺ’ ഐഡന്റിറ്റി കാർഡ് നൽകി. കോളജ് പ്രവേശനത്തിൽ മൂന്നാം ലിംഗക്കാർക്ക് പ്രത്യേക പരിഗണനയുണ്ടെങ്കിലും എൻ.സി.സിയിൽ പുരുഷ, വനിത വിഭാഗത്തിന് മാത്രമാണ് എൻറോൾമെന്റുള്ളത്. തുടർന്നാണ് ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.