കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കണമെന്നും തീർഥാടകരുടെ ദർശന സമയം കൂട്ടാനാകുമോ എന്ന് പരിശോധിക്കണമെന്നും ഹൈകോടതി. ഒരു മണിക്കൂർ കൂടി ദർശന സമയം നീട്ടാനുള്ള നിർദേശം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡിനെ ഹൈകോടതി ചുമതലപ്പെടുത്തി.
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പത്തനംതിട്ട ജില്ല കലക്ടറോടും പൊലീസിനോടും ഹൈകോടതി ആവശ്യപ്പെട്ടു. ദേവസ്വം ബെഞ്ചിന്‍റെ അടിയന്തര സിറ്റിങ്ങിലാണ് കോടതിയുടെ നടപടി. ആചാരപരമായ കാര്യങ്ങൾ ഉള്ളതിനാൽ ദർശന സമയം നീട്ടുന്ന വിഷയത്തിൽ തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രതികൂല കാലവസ്ഥയിലും ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച മാത്രം ഓൺലൈൻ ബുക്കിങ്ങിലൂടെ 94,369 തീർഥാടകരും സ്പോട്ട് ബുക്കിങ്ങിലൂടെ പതിനയ്യായിരത്തോളം പേരുമാണ് ദർശനം നടത്തിയത്. വെള്ളിയാഴ്ച നടപ്പന്തൽ മുതൽ ശരംകുത്തി വരെ തീർഥാടകരുടെ നീണ്ടവരി രൂപപ്പെട്ടിരുന്നു.
തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് മലചവിട്ടുന്ന തീർഥാടർ 10 മണിക്കൂറോളം സമയമെടുത്താണ് സന്നിധാനത്തെത്തി ദർശനം നടത്തുന്നത്. രാത്രിയിൽ പെയ്യുന്ന കനത്ത മഴയും മലകയറുന്ന തീർഥാടകരെ ഏറെ വലക്കുന്നു. പുല്ലുമേട്-സത്രം വഴിയും കൂടുതൽ തീർഥാടകർ എത്തുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 7281 പേർ ഈ വഴി സന്നിധാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.