കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമക്കേസിൽ വിവാദ പരാമർശത്തോടെ മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിന്‍റെ സ്ഥലം മാറ്റം ഹൈകോടതി ശരിവെച്ചു. കൃത്യനിർവഹണത്തിന്‍റെ ഭാഗമായി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ സ്ഥലം മാറ്റിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ നൽകിയ ഹരജി ജസ്റ്റിസ് അനു ശിവരാമൻ തള്ളി. ഹരജിയിൽ ഉന്നയിച്ച വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്ന പരാമർശത്തോടെയാണ് സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത വർഷം മേയ് 31ന് വിരമിക്കുന്നതുവരെ തനിക്ക് കോഴിക്കോട് ജില്ല ജഡ്ജിയായി തുടരാമെന്നിരിക്കെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫിസറായി സ്ഥലം മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ വാദം. മൂന്ന് വർഷത്തെ കാലാവധി കഴിയും മുമ്പ് ജുഡീഷ്യൽ ഓഫിസർമാരെ സ്ഥലം മാറ്റാറില്ല. തെറ്റായ ഉത്തരവ് പാസാക്കിയാൽപോലും ഇത് സാധ്യമല്ല. ജുഡീഷ്യൽ ഓഫിസറെ ഹൈകോടതി ഭരണവിഭാഗത്തിന്റെ ഉത്തരവിലൂടെ മാറ്റാനാകില്ല. ലേബർ കോടതി ജഡ്ജിയുടെ നിയമനം ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ നിയമിക്കപ്പെടുന്നയാളുടെ സമ്മതം ചോദിക്കേണ്ടതുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, ജില്ല ജഡ്ജിക്ക് സമാനമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടേതെന്നും ലേബർ കോടതി ജഡ്ജിമാരെയും ഉന്നത ജുഡീഷ്യൽ സർവിസിൽനിന്നാണ് നിയമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉന്നത ജുഡീഷ്യൽ സർവിസ് അംഗം എന്ന നിലയിൽ ഇതിൽ അപാകത കാണേണ്ടതില്ല. സ്ഥലം മാറ്റത്തിൽ ഇടപെടണമെങ്കിൽ അസാധാരണ സാഹചര്യമുണ്ടാകണം. സ്ഥലം മാറ്റം മാർഗനിർദേശങ്ങൾ പാലിക്കാതെയായിരുന്നുവെന്ന ആരോപണത്തിലും കഴമ്പില്ല. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പേരിലാണ് സ്ഥലം മാറ്റിയതെന്ന് ഉത്തരവിലടക്കം എങ്ങും പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീയെ കടന്നുപിടിച്ചു ചുംബിച്ചെന്ന മറ്റൊരു കേസിലും സിവിക് ചന്ദ്രൻ ജാതിരഹിത സമൂഹത്തിനായി പോരാടുന്ന പരിഷ്കർത്താവാണെന്ന് അഭിപ്രായപ്പെട്ട് ഇതേ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. സെഷൻസ് കോടതിയുടെ രണ്ട് ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.