തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹൈകോടതി വിധി സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ രാജ്ഭവൻ നീക്കങ്ങൾക്ക് ബലം പകരും. പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കവുമായി കണ്ണൂർ സർവകലാശാല മുന്നോട്ടുപോയപ്പോൾ നിയമനം ആദ്യം സ്റ്റേ ചെയ്തത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. പിന്നീടാണ് കേസ് ഹൈകോടതിയുടെ പരിഗണനക്കെത്തുന്നതും സർക്കാറിനും സർവകലാശാലക്കും തിരിച്ചടി നേരിടുന്നതും.
സർവകലാശാലകളിൽ രാജ്ഭവനെ ഉപയോഗിച്ച് സംഘ്പരിവാർ നോമിനികളെ പ്രതിഷ്ഠിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ സി.പി.എമ്മും സർക്കാറും നടത്തുന്ന പ്രതിരോധങ്ങളുടെയാകെ മുനയൊടിക്കുന്നത് കൂടിയാണ് പാർട്ടി നേതാക്കളുടെ ഭാര്യമാരുടെയും ബന്ധുക്കളുടെയും നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ. അസോസിയേറ്റ് പ്രഫസർ തസ്തികയിൽ അടിസ്ഥാന യോഗ്യത പോലുമില്ലാത്തയാളുടെ നിയമനത്തിന് കണ്ണൂർ സർവകലാശാല ഭരണസംവിധാനത്തെ സർക്കാറും പാർട്ടിയും ദുരുപയോഗം ചെയ്തെന്നതും പകൽ പോലെ വ്യക്തമാകുന്നതാണ് കോടതി വിധി.
ഒരു ഘട്ടത്തിൽ പോലും പ്രിയ വർഗീസിന് വേണ്ടിയുള്ള വഴിവിട്ട നിയമന നീക്കം തടയാൻ പാർട്ടിയോ സർക്കാറോ ശ്രമിച്ചില്ല. നിയമനത്തിന്റെ ഉത്തരവാദിത്തം കണ്ണൂർ സർവകലാശാലയുടെ ചുമലിൽവെച്ച് കൈകഴുകുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ. രാഗേഷിന്റെ ഭാര്യക്ക് വേണ്ടിയാണ് സർവകലാശാല, യു.ജി.സി ചട്ടങ്ങൾ ഒന്നടങ്കം കാറ്റിൽപറത്തിയുള്ള നിയമന നീക്കം നടന്നതും ഗവർണറും പിന്നീട് കോടതിയും തടയുന്നതും.
അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് യു.ജി.സി നിശ്ചയിച്ച അടിസ്ഥാനയോഗ്യതപോലും പ്രിയ വർഗീസിന് ഇല്ലെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായിട്ടും നിയമന നീക്കത്തിൽനിന്ന് പിൻവലിയാതിരുന്നതാണ് വലിയ ആഘാതം സർക്കാറിനും പാർട്ടിക്കും ഏൽപിച്ചത്. പിണറായി സർക്കാറിന്റെ കാലത്ത് നടന്ന സാങ്കേതിക സർവകലാശാല, ഫിഷറീസ് സർവകലാശാല വി.സി നിയമനങ്ങൾ റദ്ദാക്കാൻ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് നടപടിക്രമങ്ങളും വ്യവസ്ഥകളും പാലിച്ചില്ലെന്നതാണ്. നിയമനം റദ്ദായ രണ്ട് വി.സിമാർക്കും വേണ്ടത്ര യോഗ്യതയുണ്ടായിരുന്നു.
എന്നാൽ അടിസ്ഥാന യോഗ്യത പോലുമില്ലാത്തയാളെ സർവകലാശാലയിലെ ഉയർന്ന അധ്യാപക തസ്തികയിൽ നിയമിക്കാനുള്ള വഴിവിട്ട നീക്കത്തിന് പാർട്ടിയും സർക്കാറും നൽകേണ്ടിവരുന്ന വില വലുതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.