കൊച്ചി: ഡി.എൻ.എ പരിശോധനക്കായി ക്രിമിനൽ കേസ് പ്രതിയുടെ രക്തം ശേഖരിക്കാൻ സമ്മതം ആവശ്യമില്ലെന്നും സ്വയം തെളിവ് നൽകുന്നതിൽനിന്നുള്ള ഭരണഘടന സംരക്ഷണം ബാധകമല്ലെന്നും ഹൈകോടതി. തനിക്കെതിരെ സ്വയം തെളിവ് നൽകാൻ ശാരീരികമായോ വാക്കാലോ നിർബന്ധിക്കുന്നതിൽ നിന്നാണ് ഭരണഘടന പ്രതിക്ക് സംരക്ഷണം നൽകുന്നത്. ക്രിമിനൽ കേസിലെ, പ്രത്യേകിച്ച് ബലാത്സംഗ കേസിലെ പ്രതിയുടെ ഡി.എൻ.എ പരിശോധന നടത്താമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിൾ ശേഖരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ച പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത്, പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ ഒന്നാം പ്രതി പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
1997ൽ സ്വന്തം വീട്ടിലടക്കം എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹരജിക്കാരൻ. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മൂന്ന് കൂട്ടുകാരും ഇയാൾക്കൊപ്പം പ്രതികളാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് ഇതിനിടെ പെൺകുഞ്ഞ് പിറന്നു. കേസിനെ തുടർന്ന് ഹരജിക്കാരനായ ഒന്നാം പ്രതി ഒളിവിൽ പോയതിനാൽ വിചാരണ നടന്നില്ല. വിചാരണ നേരിട്ട രണ്ടും മൂന്നും പ്രതികളെ 2007ൽ വെറുതെവിട്ടു.
പിന്നീട് ഹരജിക്കാരൻ കീഴടങ്ങിയതിനെ തുടർന്ന് വിചാരണ നടപടികൾ ആരംഭിച്ചു. സാക്ഷികളെയും തെളിവുകളും പരിശോധിച്ച വിചാരണ കോടതി തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ അപേക്ഷ അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിൾ ശേഖരിക്കാനും ലൈംഗികശേഷി പരിശോധന നടത്താനുമുള്ള ആവശ്യവും കോടതി അനുവദിക്കുകയായിരുന്നു.
അന്തിമ റിപ്പോർട്ട് നൽകി കോടതി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരവിടാൻ കീഴ്കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ക്രിമിനൽ നടപടി ക്രമത്തിൽ 2005ൽ കൊണ്ടുവന്ന നിയമ ഭേദഗതി പ്രകാരം പ്രതിയുടെ രക്ത പരിശോധന നിയമാനുസൃതമായി മാറിയതായി കോടതി ചൂണ്ടിക്കാട്ടി. കൃഷ്ണകുമാർ മാലിക് കേസിലടക്കം സുപ്രീം കോടതിയും ഇത് വ്യക്തമാക്കിയതാണ്. ഡി.എൻ.എ പരിശോധന ബലാത്സംഗ കേസിൽ തെളിവായും ഉപയോഗിക്കാം.
സാക്ഷികളുടെ വിസ്താരം പൂർത്തിയായി ആറ് വർഷം കഴിഞ്ഞാണ് പൊലീസ് അപേക്ഷ നൽകുന്നതെന്ന ഹരജിക്കാരന്‍റെ വാദവും കോടതി തള്ളി. വിചാരണ വേളയിൽ ഒളിവിലായിരുന്നതിനാൽ പ്രതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോൾ പ്രതിയെ ലഭ്യമായശേഷമുള്ള തുടരന്വേഷണ ഘട്ടത്തിലാണ് അതിന് പൊലീസിന് അവസരം ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗർഭത്തിന് കാരണം ആരെന്ന് പറയാനാവില്ലെന്ന് പെൺകുട്ടി പറഞ്ഞത് കണക്കിലെടുക്കണമെന്ന വാദവും പ്രതി ഉന്നയിച്ചെങ്കിലും വിചാരണ നേരിട്ടിട്ടില്ലാത്ത പ്രതിക്ക് മൊഴിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, കീഴ്കോടതി ഉത്തരവിൽ അപാകതയോ വീഴ്ചയേ ഇല്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.