കൊച്ചി: സ്ഥിര നിക്ഷേപം തിരികെ ലഭിക്കാതിരുന്നതിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന് (കെ.ടി.ഡി.എഫ്.സി) ഹൈകോടതിയുടെ വിമർശനം. 30.72 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നൽകിയ കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. നിക്ഷേപകന് പണം തിരികെ നൽകാത്തത് എന്തുകൊണ്ടെന്നും മുങ്ങുന്ന കപ്പലാണെങ്കിൽ എങ്ങനെ തുടർന്ന് നിക്ഷേപം സ്വീകരിക്കാനാകുമെന്നും കോടതി ആരാഞ്ഞു. ഒരു ചിന്തയുമില്ലാതെ ഇത്തരം ധനകാര്യ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് എന്തുകൊണ്ടെന്ന് ഹരജിക്കാരോടും ആരാഞ്ഞു.
റിസർവ് ബാങ്കിന്റെ നിയന്ത്രണമാണ് നിക്ഷേപം തിരികെ നൽകാൻ കഴിയാത്തതിന്റെ കാരണമെന്ന് കെ.ടി.ഡി.എഫ്.സി വിശദീകരിച്ചപ്പോൾ റിസർവ് ബാങ്കിനെ കേസിൽ കക്ഷിചേർത്ത് വിശദീകരണം തേടാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
പലപ്പോഴായാണ് ഹരജിക്കാർ തുക നിക്ഷേപിച്ചത്. എല്ലാ നിക്ഷേപത്തിന്റെയും കാലാവധി കഴിഞ്ഞു. എന്നാൽ, പലവട്ടം ആവശ്യപ്പെട്ടിട്ടും തുകയും പലിശയും നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. നിക്ഷേപ തുക 12 ശതമാനം പലിശയടക്കം തിരികെ നൽകാൻ നിർദേശിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.