വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്നുള്ള സംഘം കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധന നടത്തുന്നു

കരിപ്പൂരിൽ ഉന്നതസംഘം പരിശോധന; റീകാർപറ്റിങ് ജനുവരിയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്നുള്ള ഉന്നത സംഘം എത്തി. ഡൽഹി കേന്ദ്രത്തിലെ വികസന വിഭാഗത്തിലെ എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് ജിൻഡലിന്‍റെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗം ജനറൽ മാനേജർ ഈശ്വരപ്പ, ഇലക്ട്രിക്കൽ വിഭാഗം ജനറൽ മാനേജർ പ്രേം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവള വികസനത്തിനുള്ള റിപ്പോർട്ടും സംഘം തയാറാക്കി നൽകും.

രാവിലെ വിമാനത്താവളത്തിലെ വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഉച്ചക്കുശേഷം റൺവേ, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ)ക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. റൺവേ റീകാർപറ്റിങ്, സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കൽ, റെസ 240 മീറ്ററായി നീട്ടൽ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടന്നത്. റീകാർപറ്റിങ് പ്രവൃത്തി ജനുവരിയിൽ ആരംഭിക്കാനാണ് ശ്രമം. റെസ നീളം കൂട്ടുന്ന പ്രവൃത്തി കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സർക്കാർ 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് അതോറിറ്റിക്ക് കൈമാറിയതിനുശേഷം ആരംഭിക്കാനാണ് തീരുമാനം.

ഭൂവുടമകളുടെ യോഗം ഉടൻ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവുടമകളുടെ യോഗം ചേരും. ചൊവ്വാഴ്ച റവന്യൂ സെക്രട്ടറി ഡോ. എ. ജയതിലക്, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് തീരുമാനം. എതിർപ്പ് ഒഴിവാക്കി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചത്. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജിൽനിന്നായാണ് ഭൂമി ഏറ്റെടുക്കുക.

ഏറ്റെടുത്ത് നൽകുന്ന ഭൂമി നിലവിലുള്ള റൺവേയുടെ ഉയരത്തിലേക്ക് നിരപ്പാക്കി നൽകണമെന്നും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

200 കോടി രൂപയാണ് മണ്ണിട്ട് ഉയർത്തുന്നതിന് അതോറിറ്റി കണക്കാക്കിയ എസ്റ്റിമേറ്റ്. ഇതിന്‍റെ പകുതി 100 കോടി സംസ്ഥാനം വഹിക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടത്. കലക്ടർ വി.ആർ. പ്രേംകുമാർ, വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.


Tags:    
News Summary - High-level inspection in Karipur; Recarpeting in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.