കൊച്ചി: സിസ്റ്റർ അഭയ കേസിലെ വിചാരണ നടപടികൾ തടയണമെന്ന രണ്ട് പ്രതികളുടെ ഇടക്കാല ആവശ്യം ഹൈകോടതി അനുവദിച്ചില്ല. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുടെ ആവശ്യമാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്. വിചാരണ ഒഴിവാക്കണമെന്നും കുറ്റമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജിയിൽ തീർപ്പാക്കുംവരെ നടപടി സ്റ്റേ ചെയ്യണമെന്ന് ഇടക്കാല ആവശ്യമുന്നയിക്കുകയായിരുന്നു.
ഇരുവരുടെയും ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റുകയും ചെയ്തു. കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് ഇവർ സമര്‍പ്പിച്ച വിടുതല്‍ അപേക്ഷ മാർച്ച് ആദ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. എഫ്.െഎ.ആര്‍, കേസ് ഡയറി, സാക്ഷി മൊഴികൾ അടക്കമുള്ള രേഖകള്‍ തുടങ്ങിയവ പരിശോധിക്കാതെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ ഹാജരാക്കാമെന്ന് വാദത്തിനിടെ സി.ബി.ഐ അറിയിച്ചു. ഇതിന് സി.ബി.െഎക്ക് രണ്ടാഴ്ച അനുവദിച്ചു.
അതേസമയം, കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായിരുന്ന കെ.ടി. മൈക്കിള്‍ സമര്‍പ്പിച്ച ഹരജിയിലെ വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.