കൊച്ചി: സര്‍ക്കാര്‍ തയാറാകാത്ത പക്ഷം സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗുകൾക്ക് സമ്പൂർണ നിരോധനം ഏര്‍പ്പെടുത്താന്‍ നിർബന്ധിതമാകുമെന്ന് ഹൈകോടതി. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടം നടപ്പാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിെൻറ നിരീക്ഷണം. നിരോധനകാര്യത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കോടതി അവസാന അവസരം നല്കി. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് നടപടി ആവശ്യപ്പെട്ട് ഓള് കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
കാരിബാഗ് നിരോധനത്തിൽ നിലപാടറിയിക്കാൻ കോടതി നേരത്തേ സർക്കാറിനോട് നിർദേശിച്ചിരുന്നു. ഒറ്റയടിക്ക് സമ്പൂർണ നിരോധനം നടപ്പാക്കരുതെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. നിരോധനം ജനജീവിതം അലങ്കോലമാക്കുമെന്നാണ് സര്‍ക്കാർ നിലപാട്. പ്ലാസ്റ്റിക് കാരിബാഗിന് വില കുറഞ്ഞതും പ്രകൃതിയില്‍ ജീര്‍ണിക്കുന്നതുമായ ബദല്‍ സ്ഥാപിക്കാന്‍ സമയം വേണ്ടിവരുമെന്നും ഇങ്ങനെയൊന്ന് ഇതുവരെ കണ്ടെത്തിയിട്ടിെല്ലന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ പ്ലാസ്റ്റിക് വ്യവസായത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സത്യവാങ്മൂലം വായിച്ചാൽ മനസ്സിലാവുകയെന്ന് കോടതി വാക്കാല്‍ പറഞ്ഞു. എത്ര പ്രാദേശിക ഭരണസമിതികളാണ് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോടതി േചാദിച്ചു. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികള്‍, ഇവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച നിരീക്ഷണ സംവിധാനത്തിെൻറ പ്രവര്‍ത്തനം എന്നിവ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.