കൊച്ചി: ഇഷ്ടപ്പെട്ട മതം സ്വീകരിച്ചവർക്ക് ഒൗദ്യോഗികരേഖകളിൽ മാറ്റംവരുത്താൻ മതംമാറ്റ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഹൈകോടതി. ഒരുമതത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറിയതായി നടത്തുന്ന പ്രഖ്യാപനം അംഗീകരിച്ച് ഒൗദ്യോഗികരേഖകളിൽ േപര്, മതം തുടങ്ങിയ വിവരങ്ങളിൽ മാറ്റംവരുത്തണമെന്ന ആവശ്യം നിർവഹിച്ചുനൽകണമെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചു. അതേസമയം, മതംമാറ്റത്തിെൻറ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാൽ തഹസിൽദാറിനെപോലുള്ള ഉദ്യോഗസ്ഥർ മുഖേന പരിശോധന നടത്തി ഇക്കാര്യം ബോധ്യപ്പെടാം.
മകനുപിന്നാലെ ഇസ്ലാം മതം സ്വീകരിച്ച 67കാരിയായ പെരിന്തൽമണ്ണ സ്വദേശിനി ആയിഷ (േദവകി) നൽകിയ ഹരജിയിലാണ് ഉത്തരവ്. രേഖകളിൽ പേരും മതവും മാറ്റുന്നതിെൻറ ഭാഗമായി പ്രിൻറിങ് ഡയറക്ടർക്ക് അപേക്ഷ നൽകിയപ്പോൾ മതംമാറ്റം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിച്ച് മടക്കിയയച്ചു.
അനാവശ്യമായാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും രേഖകളിൽ മാറ്റംവരുത്താൻ ഉത്തരവിടണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. മതംമാറിയവർക്ക് രേഖകളിൽ മാറ്റംവരുത്താൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോയെന്നാണ് കോടതി പരിശോധിച്ചത്. ഇസ്ലാം മതത്തിലേക്ക് മാറിയവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനത്ത് രണ്ട് സ്ഥാപനങ്ങളെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൗ കേന്ദ്രങ്ങളിൽനിന്ന് രേഖ കൊണ്ടുവരാൻ നിർബന്ധിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
സ്വന്തം മതം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾ മതംമാറിയെന്ന് പ്രഖ്യാപിച്ചാൽ തീരുമാനത്തിെൻറ പക്വതയുംമറ്റും സർക്കാർ അന്വേഷിക്കേണ്ടതില്ല. മതാചാര പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇത്തരം കേന്ദ്രങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാവരുത്.
ഏതെങ്കിലും കേന്ദ്രങ്ങൾക്ക് ഇപ്രകാരം അധികാരം നൽകുന്നത് മതംമാറ്റം അവരുടെ ദയയുടെ അടിസ്ഥാനത്തിലാവുന്ന അവസ്ഥയുണ്ടാക്കും. സർട്ടിഫിക്കറ്റ് ചോദിക്കാതെ പേരുമാറ്റംപോലുള്ള ആവശ്യങ്ങളിന്മേൽ സർക്കാർ നടപടിയെടുക്കണമെന്നും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ അവകാശത്തെ തടയുന്നതാണെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്ര മതവിശ്വാസത്തിന് തടസ്സമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.