കൊച്ചി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമിയും സ്പെഷൽ ഒാഫിസറുടെ നടപടികളുമായി ബന്ധപ്പെട്ട കേസുകളില്‍ ഹൈകോടതിയില്‍ വാദം തുടങ്ങി. കമ്പനിക്കുവേണ്ടിയും എതിരായും സമര്‍പ്പിച്ച, 38,171 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട 21 ഹരജികളിലും അപ്പീലുകളിലുമാണ് ഡിവിഷന് ബെഞ്ച് വാദം കേള്‍ക്കുന്നത്.
അതേസമയം, കേസിലെ വാദം മാറ്റിവെക്കണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളിയ കോടതി നിലപാടറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്താൻ നിർദേശം നൽകി. സംസ്ഥാന സര്‍ക്കാറിനും കേസിലെ വിവിധ കക്ഷികള്‍ക്കും വേണ്ടി സുപ്രീംകോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. ഹാരിസണിെൻറ കൈവശമുള്ളതും അവര്‍ വിറ്റതുമായ ഭൂമി സംബന്ധിച്ച കേസുകളാണ് കോടതി പരിഗണിക്കുന്നത്. കമ്പനിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.ബി.െഎയോ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റോ അന്വേഷിക്കുക, ഭൂമി പിടിച്ചെടുത്ത് സര്‍ക്കാറിലേക്ക് മുതൽക്കൂട്ടുക, രാജമാണിക്യം റിപ്പോർട്ട് പൂഴ്ത്താൻ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന ഹരജികളുമുണ്ട്.
മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവർ നൽകിയ ഹരജികളും പരിഗണിക്കുന്നുണ്ട്. സി.ബി.ഐയുടെ അഭിഭാഷകന് മാറിയെന്നും പുതിയ അഭിഭാഷകന് ചുമതലയേറ്റിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ച കൂടി അനുവദിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത്.
എന്നാൽ, സി.ബി.െഎയുടെ ചുവപ്പുനാടക്ക് അനുസരിച്ച് കേസ് മാറ്റിവെക്കാനാകില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസിെൻറ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി നിലപാടെടുത്തു. വാദം ഒന്നോ രണ്ടോ ദിനംകൊണ്ട് അവസാനിക്കില്ല. വാദം പൂർത്തിയാകും മുമ്പ് സി.ബി.ഐ അഭിഭാഷകൻ എത്തിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നിരവധി വര്‍ഷങ്ങളായി തങ്ങള്‍ക്ക് കാപ്പി, തേയില, കൊക്കോ, റബര്‍ തോട്ടങ്ങളുള്ളതായി ഹാരിസണ്‍ മലയാളത്തിനുവേണ്ടി ഹാജരായ സുപ്രീംകോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന് വാദിച്ചു. 1849 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1948ല്‍ ഹാരിസണ്‍ മലയാളമായി മാറി. ഇത് വിദേശ കമ്പനിയാണെന്ന റിസര്‍വ് ബാങ്ക് കമ്മിറ്റിയുടെ കണ്ടെത്തല്‍ തെറ്റാണ്.
ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ച് നടപടിയെടുക്കാൻ സ്പെഷൽ ഒാഫിസർക്ക് അധികാരമില്ല. ഉടമസ്ഥാവകാശം തീരുമാനിക്കേണ്ടത് സിവിൽ കോടതികളാണെന്നും ഹാരിസൺ വാദിച്ചു. വാദം വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.