കൊച്ചി: അന്തർസംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ കേരളത്തിൽ നികുതി അടക്കണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേയില്ല. കേരളത്തിലേക്ക് വരുന്ന അന്തർസംസ്ഥാന ബസുകൾ നികുതിയടക്കണമെന്ന ഗതാഗത കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത അന്തർസംസ്ഥാന ബസുടമകൾ നൽകിയ ഹരജിയിലെ സ്റ്റേ ആവശ്യം ജസ്റ്റിസ് പി. ഗോപിനാഥ് തള്ളി. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽനിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിന് തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ ഇവിടെ നികുതി അടക്കാതെ സർവിസ് നടത്തുന്നത് വിലക്കിയാണ് ഗതാഗത കമീഷണർ ഉത്തരവിട്ടത്. നവംബര്‍ ഒന്നിനകം രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്നായിരുന്നു ഉത്തരവ്. രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നവംബർ മുതൽ ഓടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
അന്തർസംസ്ഥാന യാത്രകൾ സുഗമമാക്കാൻ കേന്ദ്രം ആവിഷ്കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ ഉത്തരവെന്നാണ് ഹരജിയിലെ ആരോപണം. കേന്ദ്ര സർക്കാർ നിയമ പ്രകാരം പെർമിറ്റ് ഫീസ് അടച്ച ടൂറിസ്റ്റ് ബസുകൾക്ക് നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേരള മോട്ടോർ വാഹന നികുതി ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നികുതി ഈടാക്കുന്നതെന്നും ഇത് ഭരണഘടനാനുസൃതമാണെന്നുമാണ് സർക്കാർ വാദം. അന്തർസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് ഇവിടെ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്നും ഇതിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഗതാഗത കമീഷണറടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായ കോടതി, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.