കൊച്ചി: വിവാഹമോചിതയായ മാതാവിെൻറ സംരക്ഷണയിൽനിന്ന് കൂട്ടിക്കൊണ്ടു പോയ കുട്ടിയെ പിതാവിെൻറ മാതാപിതാക്കൾ തിരികെ നൽകണമെന്ന് ഹൈകോടതി. കോടതി മാതാവിനൊപ്പം വിട്ട കുട്ടിയെ അനുമതിയില്ലാതെ കൂട്ടിക്കൊണ്ടുപോയ നടപടി ശരിയല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. കുളത്തൂപ്പുഴ സ്വദേശിനിയും സോഫ്ട്വെയർ എൻജിനീയറുമായ യുവതി കുട്ടിയെ കണ്ടെത്താൻ നൽകിയ ഹേബിയസ് ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി. കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പീഡിപ്പിക്കുന്നുെവന്ന് ചൂണ്ടിക്കാട്ടി പിതാവിെൻറ മാതാപിതാക്കൾ നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി കോടതി തള്ളുകയും ചെയ്തു.
അഞ്ചര വയസ്സുള്ള കുട്ടിയുടെ മാതാപിതാക്കൾ 2014 നവംബർ 11 നാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത്. കുടുംബ കോടതി കുട്ടിയെ അമ്മെക്കാപ്പം വിട്ടു. നാല് മാസം കൂടുമ്പോൾ അഞ്ചു ദിവസം കുട്ടിയെ പിതാവിന് ഒപ്പം താമസിപ്പിക്കാമെന്നായിരുന്നു വ്യവസ്ഥ. പിതാവ് ജോലി തേടി വിദേശത്ത് പോയതോടെ മാതാപിതാക്കൾക്ക് പേരക്കുട്ടിയെ കാണാൻ അനുമതി നൽകി. ഹരജിക്കാരി ജോലിക്ക് പോകുമ്പോൾ കുട്ടിയെ വീടിനടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഏൽപിക്കാറുള്ളത്.
ജനുവരി 27 ന് കുട്ടിയെ കാണാൻ വന്ന പിതാവിെൻറ മാതാപിതാക്കൾ അനുമതിയില്ലാതെ കുട്ടിയെ അവിടെനിന്ന് കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി യുവതി കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകി. കുട്ടിയെ വിട്ടുകൊടുക്കാൻ പൊലീസ് നിർദേശിച്ചെങ്കിലും എതിർ കക്ഷികൾ വഴങ്ങിയില്ല. തുടർന്നാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. പൊലീസ് പീഡനമാരോപിച്ച് എതിർ കക്ഷികളും ഹരജി നൽകി. ഇവ രണ്ടും ഒരുമിച്ച് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.കുട്ടിയെ യുവതിയുടെ വീടിനടുത്തുള്ള തമിഴ്നാട്ടുകാരിയുടെ കടയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പിതാവിെൻറ മാതാപിതാക്കളുടെ വാദം. എന്നാൽ, അനുമതിയില്ലാതെയാണ് എതിർ കക്ഷികൾ കുട്ടിയെ കൊണ്ടുപോയതെന്ന് കോടതി വിലയിരുത്തി.
ഏഴ് വയസ്സ് പൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണ ചുമതല വിവാഹ മോചിതയായ അമ്മക്ക് നൽകാമെന്ന് മുസ്ലിം വ്യക്തിഗത നിയമത്തിൽ പറയുന്നുണ്ട്. കുട്ടിയുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങൾ കുടുംബകോടതി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.