കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. രാജ്യത്തിെൻറ നിയമമാണ് സുപ്രീംകോടതി ഉത്തരവ്. അത് നടപ്പാക്കൽ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികൃതരുെടയും ചുമതലയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പൊലീസ് സംരക്ഷണം നൽകി സ്ത്രീകളെ തിരക്കുപിടിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. വിധിയിൽ എതിർപ്പുള്ളവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെതന്നെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
10നും 50നും ഇടയില്‍ പ്രായമുള്ള ഹിന്ദുസ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ധിറുതിയിൽ ആയിരക്കണക്കിന് പൊലീസുകാരെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതാണ് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയതെന്നായിരുന്നു ഹരജിയിലെ ആരോപണം. ശബരിമലയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കില്‍ അത് സ്ത്രീകളെ മാത്രമല്ല ബാധിക്കുകയെന്ന് വാദത്തിനിടെ കോടതി പറഞ്ഞു. എല്ലാ തീർഥാടകർക്കും ഇത് ബുദ്ധിമുട്ടാകും. അതിനാൽ, സ്ത്രീകളുടെ കാര്യം മാത്രം പറയുന്നതിൽ കാര്യമില്ല. ഭക്തരല്ലാത്ത ഇതര സമുദായത്തിൽപെട്ടവരും ശബരിമലയില്‍ എത്തിയെന്നും ഇവരെ ബലംപ്രയോഗിച്ച് പൊലീസ് അകത്ത് കടത്താൻ ശ്രമിച്ചെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
മല ചവിട്ടാന്‍ താല്‍പര്യമില്ലാത്തവരെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയിട്ടുണ്ടോയെന്ന് ആരാഞ്ഞ കോടതി മല കയറണമെന്ന് പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് മനസ്സിലാക്കുന്നതെന്നും വ്യക്തമാക്കി. ഭരണഘടനയുടെ 141ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതി വിധി രാജ്യത്തെ എല്ലാ കോടതികള്‍ക്കും ബാധകമാണ്. 144ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതി വിധി പാലിക്കല്‍ രാജ്യത്തെ എല്ലാ അധികൃതരുടെയും ചുമതലയുമാണ്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയിലെ എതിർപ്പ് കേൾക്കാൻ ഹൈകോടതിക്കാവില്ല. അതിനാൽ, ഹരജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.