കൊച്ചി: വന്യജീവികൾ കൃഷിയിടങ്ങളിലുണ്ടാക്കുന്ന നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് ഹൈകോടതി. വന്യജീവി കടന്നുകയറ്റം തടയാൻ ഉത്തരവാദിത്തമുള്ള സർക്കാറിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഒഴിയാനാവില്ല. വന്യജീവികളുടെ ആക്രമണത്തെത്തുടർന്ന് കൃഷിനാശമുണ്ടായിട്ടും സർക്കാർ സഹായം ലഭിച്ചില്ലെന്നാരോപിച്ച് അന്തരിച്ച സംവിധായകൻ ലോഹിതദാസിെൻറ ഭാര്യ പാലക്കാട് അകലൂർ അമരാവതിയിൽ സിന്ധു ഉൾപ്പെടെ ഏഴ് കർഷകർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
വനത്തോടു ചേർന്ന കൃഷിയിടങ്ങളിൽ വന്യജീവി ആക്രമണം തടയാൻ സൗരോർജ വൈദ്യുതി വേലികൾ നിർമിക്കണമെന്നും ചട്ട പ്രകാരമുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് 2010ലാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ നിവേദനങ്ങൾ പരിഗണിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടിരുന്നു. അതേസമയം, 2003 മുതൽ 2009 വരെ കൃഷിനാശത്തിന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ നിവേദനം കാലഹരണപ്പെട്ടതാണെന്നായിരുന്നു സർക്കാർ വാദം.
ഇതിനുശേഷവും വന്യജീവി ആക്രമണമുണ്ടായെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കർഷകരുടെ നിവേദനം മൂന്ന് മാസത്തിനകം നിയമാനുസൃതം പരിഗണിച്ച് ഉത്തരവ് നൽകാൻ ഹൈകോടതി നിർദേശിച്ചത്. മനുഷ്യ ജീവനും കാർഷിക വിളകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വന്യജീവി ആക്രമണങ്ങളെത്തുടർന്ന് ഉണ്ടാകുന്ന ഏതു തരം നാശങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും ഹൈകോടതി വ്യക്തമാക്കി.സംസ്ഥാനത്ത് 1501 കിലോമീറ്റർ സൗരോർജ വൈദ്യുതി വേലിയും കാട്ടാനകളെ പ്രതിരോധിക്കാൻ 584 കിലോമീറ്റർ കിടങ്ങുകളും നിർമിച്ചിട്ടുണ്ടെന്ന് 2016ൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.