തിരുവനന്തപുരം: സംസ്ഥാനത്ത് 2014-15 വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച പുതിയ ഹയര്‍ സെക്കൻഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രിന്‍സിപ്പല്‍-46, ഹയര്‍ സെക്കൻഡറി സീനിയര്‍ ടീച്ചര്‍-232, ജൂനിയര്‍ ടീച്ചര്‍ -269, അപ്ഗ്രഡേഷന്-113, ലാബ് അസിസ്റ്റൻറ്-47 എന്നിങ്ങനെ 707 തസ്തികകളാണ് സൃഷ്ടിക്കുന്നത്. 14-15 വര്‍ഷത്തിൽ തുടങ്ങിയ എയ്ഡഡ് സ്കൂളുകളിലേക്കുള്ള തസ്തിക താമസിയാതെ അനുവദിക്കും. ഇതിനുള്ള കണക്ക് ഡയറക്ടറേറ്റില്‍നിന്ന് ശേഖരിച്ചുവരുന്നതേയുള്ളൂ.
പി.എസ്.സിയില്‍ ചില വിഷയങ്ങളിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാറായതുകൂടി പരിഗണിച്ചാണ് സർക്കാർ സ്കൂളുകളിലെ തസ്തിക സൃഷ്ടിച്ചത്. എയ്ഡഡ് മേഖലയില്‍ 1500ഓളം തസ്തികവരും. 2015-16 വര്‍ഷത്തില്‍ ആരംഭിച്ച ഹയര്‍ സെക്കൻഡറി സ്കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള തസ്തികകള്‍ അടുത്തവര്‍ഷം സൃഷ്ടിക്കും. രണ്ടുവര്‍ഷങ്ങളിലും കൂടി 600 ബാച്ചുകളാണ് നിലവില്‍വന്നത്. അധ്യാപക തസ്തിക കണക്കാക്കുന്ന മാനദണ്ഡം സര്‍ക്കാര്‍ കഴിഞ്ഞദിവസം പുതുക്കിയിരുന്നു.
ഇതുപ്രകാരം 24 പീരിയഡിന് ഒരു സീനിയര്‍ അധ്യാപക തസ്തിക കഴിഞ്ഞാല്‍ അടുത്ത ആറ് പീരിയഡുവരെ െഗസ്റ്റ് അധ്യാപകനെ നിയമിക്കാനേ കഴിയൂ. നേരത്തേ 24 പീരിയഡ് കഴിഞ്ഞാല്‍ അടുത്ത മൂന്ന് പീരിയഡിന് ഒരു ജൂനിയര്‍ അധ്യാപകനെ നിയമിക്കാന്‍ കഴിയുമായിരുന്നു. മാനദണ്ഡം പുതുക്കിയതോടെ അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുതിയ മാനദണ്ഡം മലയാളം, ബോട്ടണി, സുവോളജി വിഷയങ്ങളിലെ അധ്യാപകരെയാണ് കൂടുതലായി ബാധിക്കുക. മാത്രമല്ല ഹയര്‍ സെക്കൻഡറി അധ്യാപക തസ്തിക കണക്കാക്കുന്നതിന് രണ്ടുതരം മാനദണ്ഡം നിലനില്ക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.