തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ അടുത്തെത്തിയിട്ടും ചോദ്യപേപ്പർ പാറ്റേൺ പരിഷ്കരിക്കാനുള്ള തീരുമാനത്തിൽ സർവത്ര ആശയക്കുഴപ്പം. ചോദ്യപേപ്പർ പരിഷ്കരിക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനമെടുത്തിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശീലനമോ ബോധവത്കരണമോ നടത്തിയിട്ടില്ല. ഫെബ്രുവരിയിൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷയും മാർച്ചിൽ പൊതുപരീക്ഷയും നടക്കാനിരിക്കെയാണ് ചോദ്യമാതൃക സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നത്.
പരീക്ഷണാർഥം ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികൾക്ക് ഒാണപ്പരീക്ഷക്കും ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് ക്രിസ്മസ് പരീക്ഷക്കും പുതിയ പാറ്റേണിൽ ചോദ്യം നൽകിയിരുന്നു. മാറ്റം അറിയാതെയാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയത്. പൊതു പരീക്ഷകൾക്ക് ഏത് മാതൃകയിലാണ് ചോദ്യം എന്നത് സംബന്ധിച്ച് വിദ്യാർഥികളിൽ ആശങ്കയുമുണ്ട്. നിലവിൽ ഒബ്ജക്ടീവ് ചോദ്യങ്ങൾ പലയിടത്തായി ചിതറിക്കിടക്കുകയും ചോദ്യങ്ങളെ പല പാർട്ടായി തിരിക്കുന്ന രീതിയുമുണ്ടായിരുന്നു. ഇതിനുപകരം കൂടുതൽ ശാസ്ത്രീയം എന്ന നിലയിലാണ് പുതിയ ചോദ്യമാതൃക കൊണ്ടുവരാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്.
എന്നാൽ, തീരുമാനം ഒാണം, ക്രിസ്മസ് പരീക്ഷകളിൽ മുന്നൊരുക്കമില്ലാതെ പരീക്ഷിച്ചതല്ലാതെ വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പോ ബോധവത്കരണമോ നൽകിയില്ല. ചോദ്യമാതൃക മാറുേമ്പാൾ മൂല്യനിർണയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ അധ്യാപകർക്ക് പരിശീലനവും നൽകണം. പുതിയ മാതൃക പ്രകാരം ഒബ്ജക്ടീവ് ചോദ്യങ്ങൾ ഒന്നിച്ച് വരികയും വിവരണാത്മക ചോദ്യങ്ങൾ തെരഞ്ഞെടുത്ത് എഴുതാവുന്നതുമായരീതിയാണ് നടപ്പാക്കുന്നത്. എട്ട് ചോദ്യങ്ങൾ നൽകി അവയിൽനിന്ന് നിശ്ചിത ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ നിർദേശിക്കുന്നതും പുതിയ ചോദ്യമാതൃകയിൽ ഉൾപ്പെടുന്നു. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതുന്ന കുട്ടികളുടെ ഏത് ഉത്തരത്തിന് മാർക്ക് നൽകണമെന്നത് ഉൾപ്പെടെ കാര്യങ്ങളിലും തീരുമാനമെടുക്കണം.
ആദ്യത്തെ ഉത്തരങ്ങൾക്ക് മാർക്ക് നൽകണമെന്ന് ചിലർ പറയുേമ്പാൾ മികച്ച ഉത്തരങ്ങൾക്ക് മാർക്ക് നൽകണമെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ നടക്കുന്ന േമാഡൽ പരീക്ഷയിലും മാർച്ചിൽ നടക്കുന്ന പൊതുപരീക്ഷയിലും ഏത് മാതൃകയിലുള്ള ചോദ്യമാണ് വരുന്നതെന്ന് വിദ്യാർഥികളെ ഇതുവരെയും അറിയിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച് വിശദവിജ്ഞാപനം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുറത്തിറക്കേണ്ടതുണ്ട്. അധ്യാപകർക്ക് പരിശീലനം സംഘടിപ്പിക്കേണ്ടത് എസ്.സി.ഇ.ആർ.ടിയാണ്.
എൻജിനീയറിങ് പ്രേവശനത്തിന് ഉൾപ്പെടെ ഹയർ സെക്കൻഡറി പരീക്ഷയിലെ മാർക്ക് പരിഗണിക്കുന്നതിനാൽ ചോദ്യ മാതൃകയിലെ മാറ്റം സംബന്ധിച്ച അവ്യക്തത രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
അതേസമയം, ചോദ്യപേപ്പർ പാേറ്റണിലെ മാറ്റം സംബന്ധിച്ച് ജനുവരിയിൽതന്നെ അധ്യാപകർക്ക് പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.