തൃശൂർ: മൂന്നുവർഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന സംസ്ഥാനത്തെ 3,500ലേറെ അധ്യാപകരെ വിഷുവിനെങ്കിലും സർക്കാർ കനിയുമെന്ന പ്രതീക്ഷ അസ്തമിച്ചു. സഹായവുമായി രംഗത്തുവന്ന ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എയും കൈവിട്ടതോടെ അവധിക്കാലത്ത് മറ്റ് ജോലികളിലൂടെ ജീവിതമാർഗം കണ്ടെത്തേണ്ട ഗതികേടിലാണ്. ശമ്പളത്തിനായി മുട്ടാത്ത വാതിലുകളില്ല. വിവിധ ഘട്ടങ്ങളിലായി സമരം നടത്തിയവരെ സഹായിക്കാമെന്ന് കെ.എസ്.ടി.എ നേതാക്കൾ വാക്കുനല്‍കിയെങ്കിലും ഒന്നുമുണ്ടായില്ലെന്ന് അധ്യാപകര്‍ പരിതപിക്കുന്നു.
2014--‘15 അക്കാദമിക വര്‍ഷത്തില്‍ വിവിധ പഞ്ചായത്തുകളിൽ അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് നിയമനം ലഭിക്കാത്തത്. കേരള നോൺ അപ്രൂവ്ഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് (കെ.എന്‍.എച്ച്.എസ്.ടി.എ) എന്ന സംഘടനയുടെ കീഴിൽ ക്ലസ്റ്റർ ബഹിഷ്‌കരണം, പരീക്ഷ ബഹിഷ്‌കരണം തുടങ്ങിയ സമരങ്ങൾ നടത്തിയിരുന്നു. അതിനിടെ സമരം ന്യായമാണെന്നുപറഞ്ഞ് കെ.എസ്.ടി.എ ഏറ്റെടുത്തു. സര്‍ക്കാര്‍ തീര്‍പ്പുണ്ടാക്കുന്നില്ലെങ്കില്‍ സംഘടന ഏറ്റെടുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 24നും ഫെബ്രുവരിയിലും ഉറപ്പും നല്‍കി.
ഫെബ്രുവരി നാലിന് ആയിരത്തിലേറെ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ മാര്‍ച്ച് 31നകം അനുകൂല ഉത്തരവുണ്ടാക്കാമെന്ന് കെ.എസ്.ടി.എ വീണ്ടും വാക്കു നല്‍കി. ഇതോടെ സമരത്തില്‍നിന്ന് അധ്യാപകര്‍ പിന്മാറി. എന്നാല്‍, ഒന്നും ഉണ്ടായില്ല. പുതിയ അധ്യയന വര്‍ഷത്തില്‍ രജിസ്റ്ററില്‍ ഒപ്പുവെച്ച് ജോലി ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരുറപ്പുമിെല്ലന്ന് കെ.എന്‍.എച്ച്.എസ്.ടി.എ പ്രസിഡൻറ് കെ. സുനിമോൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏപ്രില്‍ അവസാനമെങ്കിലും തീരുമാനമുണ്ടായാലേ ജൂണില്‍ ഒപ്പിടാനുള്ള അവസരം ലഭിക്കൂ. നിയമനം നടന്ന ആദ്യ രണ്ടുവര്‍ഷം ഇവര്‍ക്ക് െഗസ്റ്റ് അധ്യാപക നിരക്കില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും ലഭിച്ചില്ല. മുൻ സര്‍ക്കാര്‍ മുന്നോട്ടുെവച്ച നിര്‍ദേശങ്ങള്‍ പുതിയ ഭരണകൂടത്തില്‍നിന്ന് ഉണ്ടായിട്ടില്ല. കാര്യം പരിഗണിക്കാന്‍പോലും വിദ്യാഭ്യാസ മന്ത്രി തയാറാകുന്നില്ലെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തി. കെ.എസ്.ടി.എ നേതാക്കൾ ഇപ്പോൾ മൗനത്തിലുമാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്ലസ്വൺ പ്രവേശനം ബഹിഷ്കരിക്കാനാണ് അധ്യാപകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.